എപ്സ്റ്റീൻ ഫയലുകളിൽ മീര നായരും എലോൺ മസ്കും; ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന്റെ വിരുന്നിൽ പങ്കെടുത്തതായി വെളിപ്പെടുത്തൽ

ടെസ്ല സിഇഒ എലോണ്‍ മസ്‌കും എപ്സ്റ്റീനും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങളും ഫയലുകളില്‍ പുറത്തുവന്നിട്ടുണ്ട്.

New Update
Untitled

ഡല്‍ഹി: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളില്‍ പ്രശസ്ത ചലച്ചിത്ര സംവിധായികയും ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മാംദാനിയുടെ അമ്മയുമായ മീര നായരുടെ പേരും ഉള്‍പ്പെടുന്നു. എപ്സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന്റെ വീട്ടില്‍ നടന്ന ഒരു വിരുന്നില്‍ മീര നായര്‍ പങ്കെടുത്തതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

Advertisment

2009-ല്‍ മീര നായര്‍ സംവിധാനം ചെയ്ത 'അമേലിയ' എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന്റെ വീട്ടില്‍ നടന്ന ആഫ്റ്റര്‍ പാര്‍ട്ടിയിലാണ് മീര നായര്‍ പങ്കെടുത്തത്. പബ്ലിസിസ്റ്റ് പെഗ്ഗി സീഗല്‍ 2009 ഒക്ടോബര്‍ 21-ന് എപ്സ്റ്റീന് അയച്ച ഇമെയിലിലാണ് ഈ വിവരങ്ങളുള്ളത്.

ഈ വിരുന്നില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആമസോണ്‍ സിഇഒ ജെഫ് ബെസോസ് എന്നിവരും പങ്കെടുത്തതായി ഇമെയിലില്‍ പറയുന്നു. മീര നായരുടെ ചിത്രത്തിന് വിരുന്നില്‍ പങ്കെടുത്തവരില്‍ നിന്ന് അത്ര മികച്ച പ്രതികരണമല്ല ലഭിച്ചതെന്നും ഇമെയിലില്‍ സൂചിപ്പിക്കുന്നുണ്ട്.

ടെസ്ല സിഇഒ എലോണ്‍ മസ്‌കും എപ്സ്റ്റീനും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങളും ഫയലുകളില്‍ പുറത്തുവന്നിട്ടുണ്ട്.


2012 നവംബറില്‍ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലേക്ക് ഹെലികോപ്റ്ററില്‍ വരുന്നതിനെക്കുറിച്ചും അവിടെ നടക്കുന്ന പാര്‍ട്ടിയെക്കുറിച്ചും മസ്‌ക് അന്വേഷിക്കുന്നതായാണ് രേഖകള്‍. 'ഏത് ദിവസമാണ് നിങ്ങളുടെ ദ്വീപില്‍ ഏറ്റവും ആവേശം നിറഞ്ഞ പാര്‍ട്ടി നടക്കുക?' എന്ന് മസ്‌ക് ചോദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.


അമേരിക്കന്‍ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളിലാണ് ലോകപ്രശസ്തരായ വ്യക്തികളുടെ പേരുകള്‍ കടന്നുവന്നിരിക്കുന്നത്. 2,000 വീഡിയോകളും 1,80,000 ചിത്രങ്ങളും ഈ രേഖകളുടെ ഭാഗമായുണ്ട്. ലൈംഗിക ചൂഷണ കേസുകളില്‍ കുറ്റാരോപിതനായ എപ്സ്റ്റീന്‍ 2019-ല്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു.

Advertisment