"ബിജെപിയുടേത് 'ഡബ്ബ' എഞ്ചിൻ സർക്കാർ"; മണിപ്പൂരിനെ ഓർമ്മിപ്പിച്ച് സ്റ്റാലിൻ; തമിഴ്നാട്ടിൽ കാവി രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപനം

മണിപ്പൂരില്‍ ഇതുവരെ 260-ഓളം പേര്‍ കൊല്ലപ്പെട്ടതായും മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

New Update
mk stalin

ചെന്നൈ: ബിജെപിയുടെ രാഷ്ട്രീയ മാതൃകയെയും 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാരെന്ന അവകാശവാദത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്നാട്ടില്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും ദ്രാവിഡ ഭരണമാതൃകയാണ് സംസ്ഥാനത്തിന് അനുയോജ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

ബിജെപിയുടെ 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാരുകളെ 'ഡബ്ബ' എഞ്ചിന്‍ എന്നാണ് സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.


'മണിപ്പൂരില്‍ സ്വന്തം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ പോലും സംരക്ഷിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ക്രമസമാധാനം തകര്‍ന്നിട്ടും അവിടെ ജനങ്ങളെ രക്ഷിക്കാന്‍ നിങ്ങളുടെ എഞ്ചിന് കഴിയാത്തത് എന്തുകൊണ്ടാണ്?' എന്ന് സ്റ്റാലിന്‍ ചോദിച്ചു.

മണിപ്പൂരില്‍ ഇതുവരെ 260-ഓളം പേര്‍ കൊല്ലപ്പെട്ടതായും മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷമായി അവിടെ ജനജീവിതം ദുസ്സഹമാണെന്നും പ്രധാനമന്ത്രി മണിപ്പൂരിനെ മറന്നോ എന്നും അദ്ദേഹം ചോദിച്ചു.


തമിഴ്നാടിന്റെ വികസനം രാജ്യത്തിനാകെ മാതൃകയാണെന്ന് സ്റ്റാലിന്‍ അവകാശപ്പെട്ടു. ഡിഎംകെ സഖ്യത്തിന് 45 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ടെന്ന ഇന്ത്യാ ടുഡേ-സി വോട്ടര്‍ സര്‍വേ അദ്ദേഹം ഉദ്ധരിച്ചു. എന്നാല്‍ സര്‍വേകളില്‍ ശ്രദ്ധ തിരിക്കാതെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.


തമിഴ്നാടിന്റെ വിജയം ബിജെപിയെ പരാജയപ്പെടുത്താമെന്ന പ്രതീക്ഷ ഇന്ത്യയിലാകെ പടര്‍ത്തണം. ഒത്തൊരുമയോടെ നിന്നാല്‍ ബിജെപിയുടെ അഭിലാഷങ്ങള്‍ നടക്കില്ലെന്ന് നാം തെളിയിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Advertisment