ഇനി സർക്കാർ രൂപീകരണം; നിർണായക നീക്കങ്ങളുമായി എൻഡിഎ; ടിഡിപിയെയും ജെഡിയുവിനെയും വലിക്കാൻ ഇന്ത്യ സഖ്യം

New Update
modi rahul

ന്യൂഡൽഹി: സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട എൻഡിഎയുടെ നിർണായക യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കടക്കാനാകാത്തതിനാൽ സഖ്യകക്ഷികളുമായി പരമാവധി വിട്ടുവീഴ്ചയ്ക്ക് പാർട്ടി തയ്യാറാകും. 543 അംഗ ലോക്സഭയിൽ 293 സീറ്റുകളിലാണ് എൻഡിഎയ്ക്ക് വിജയിക്കാനായത്. ബിജെപിയുടെ സീറ്റ് നില 240ലേക്ക് ഒതുങ്ങി. അതേസമയം എൻഡിഎയിലെ സഖ്യകക്ഷികളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ സഖ്യം ആരംഭിച്ചു. ഭാവി നീക്കങ്ങൾ ചർച്ച ചെയ്യാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യം ഇന്ന് വൈകുന്നേരം യോഗം ചേരും.

Advertisment

എൻഡിഎയിലെ ടിഡിപി, ജെഡിയു എന്നീ കക്ഷികളെ ഇന്ത്യ സഖ്യത്തിലേക്ക് തിരികെ എത്തിക്കാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയും നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എന്നിവരുമായി കോൺഗ്രസ് നേതൃത്വം സംസാരിക്കുമെന്ന് മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ടിഡിപി 16 സീറ്റുകളിലും ജെഡിയു 12 സീറ്റുകളിലുമാണ് വിജയിച്ചത്. 28 സീറ്റുകളുമായി ഇരു പാർട്ടികളും എൻഡിഎ വിട്ടാൽ സീറ്റ് നില 265 ആയി കുറയും. ഇതോടെ എൻഡിഎയ്ക്ക് സർക്കാർ രൂപീകരണം വിദൂരമാകും. ഇരു പാർട്ടികളും മടങ്ങിയെത്തിയാൽ, നിലവിൽ 234 സീറ്റുകളുള്ള ഇന്ത്യ സഖ്യത്തിൻ്റെ സീറ്റ് നില 262 ആയി ഉയർത്താനാകും. തുടർന്ന് സ്വതന്ത്രരുടെ പിന്തുണ കൂടി ഉറപ്പിച്ച് സർക്കാർ രൂപീകരിക്കാനാകും.

Advertisment