"ഇന്ത്യ ഒരു രാഷ്ട്രമല്ല, വെറുമൊരു ജനക്കൂട്ടം"; വിൻസ്റ്റൺ ചർച്ചിലിനെ ഉദ്ധരിച്ച് ഒറീസ ഹൈക്കോടതി; ജനസംഖ്യാനിയന്ത്രണത്തിൽ കടുത്ത മുന്നറിയിപ്പ്

ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഓരോ 25 വര്‍ഷത്തിലും അത് ഇരട്ടിയാകുമെന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് മാല്‍ത്തസിന്റെ സിദ്ധാന്തവും കോടതി ഉദ്ധരിച്ചു.

New Update
Untitled

ഭുവനേശ്വര്‍: ഭാരതം ഒരു രാഷ്ട്രമല്ല, മറിച്ച് വെറുമൊരു ജനക്കൂട്ടം മാത്രമാണെന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വിവാദ പരാമര്‍ശത്തെ ഉദ്ധരിച്ച് ഒറീസ ഹൈക്കോടതി.

Advertisment

രണ്ട് കുട്ടികള്‍ എന്ന നിയമം ലംഘിച്ച ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ നടപടി ശരിവെച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി ജനസംഖ്യാ സ്‌ഫോടനത്തെക്കുറിച്ച് കടുത്ത മുന്നറിയിപ്പുകള്‍ നല്‍കിയത്.


ജസ്റ്റിസ് കൃഷ്ണ ശ്രീപദ് ദീക്ഷിത്, ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജനസംഖ്യാ വര്‍ദ്ധനവ് രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ തടസ്സമാകുന്നു എന്ന് വിശദീകരിക്കാന്‍ ലോകപ്രശസ്തരായ ചിന്തകരുടെ വാക്കുകള്‍ കോടതി ഉദ്ധരിച്ചു.


'ഇന്ത്യ ഒരു രാഷ്ട്രമല്ല, വെറുമൊരു ജനക്കൂട്ടമാണ്' എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ കോടതി ചൂണ്ടിക്കാട്ടി. അവിഭജിത ഇന്ത്യയുടെ ജനസംഖ്യ 30 കോടി ആയിരുന്നപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞതെന്നും, ഇന്നത്തെ സ്ഥിതി കണ്ടാല്‍ അദ്ദേഹം എന്ത് പറയുമായിരുന്നു എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

'ജനസംഖ്യാ സ്‌ഫോടനം ഹൈഡ്രജന്‍ ബോംബിനേക്കാള്‍ അപകടകരമാണ്' എന്ന നോബല്‍ സമ്മാന ജേതാവായ ബെര്‍ട്രാന്‍ഡ് റസ്സലിന്റെ വാക്കുകളും കോടതി ഓര്‍മ്മിപ്പിച്ചു.

ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഓരോ 25 വര്‍ഷത്തിലും അത് ഇരട്ടിയാകുമെന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് മാല്‍ത്തസിന്റെ സിദ്ധാന്തവും കോടതി ഉദ്ധരിച്ചു.


കോവിഡ് കാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ കോടതി വിധിയില്‍ പരാമര്‍ശിച്ചു. സ്ഥലം പരിമിതമായതിനാല്‍ സുരക്ഷിത അകലം പാലിക്കാന്‍ പോലും നമ്മുടെ രാജ്യം പാടുപെട്ടു. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ പരിസ്ഥിതി നാശത്തിനും വിഭവങ്ങളുടെ കുറവിനും കാരണമാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.


2050-ഓടെ ഇന്ത്യയിലെ ജനസംഖ്യ 170 കോടിയില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് അതീവ ഗൗരവകരമാണ്. ജനസംഖ്യാ വര്‍ദ്ധനവ് പൗരന്റെ അന്തസ്സോടെയുള്ള ജീവിതത്തെയും ക്ഷേമപദ്ധതികളുടെ നടത്തിപ്പിനെയും ദോഷകരമായി ബാധിക്കുന്നു.

ഭരണഘടനാ സ്ഥാപനങ്ങളും സിവില്‍ സൊസൈറ്റിയും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടേണ്ട സമയമാണിതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

Advertisment