ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കു തോന്നുംപടി ടിക്കറ്റ് വര്‍ധിപ്പിക്കുന്നതിനു തടയിട്ട കേന്ദ്ര നടപടി പരക്കെ സ്വാഗതം ചെയ്ത്‌ യാത്രക്കാര്‍. ഏറെ നാളായി രാജ്യത്തെ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാര്‍ ഉന്നയിച്ച ആവശ്യമായിരുന്ന ടിക്കറ്റ് നിരക്ക് ഏകീകരിക്കലിൽ കേന്ദ്ര സർക്കാരിന് കൈയ്യടിച്ച് യാത്രക്കാർ

പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു. നിലവിലെ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കുന്നതുവരെ ഈ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ തുടരും.

New Update
Untitled

കോട്ടയം: ആഭ്യന്തര സര്‍വീസുകളില്‍ തോന്നും പോലെ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്ന നടപടിക്കു കേന്ദ്ര സര്‍ക്കാര്‍ തടയിട്ടതിനെ സ്വാഗതം ചെയ്തു യാത്രക്കാര്‍. കേന്ദ്ര നടപടി തങ്ങളെ കൊള്ളയടിക്കുന്നതിനു തടയുന്നതിനു തുല്യമെന്നു യാത്രക്കാര്‍ പറയുന്നു.

Advertisment

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്‍ഡിഗോയുടെ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് പ്രധാന വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ദുരിതം വര്‍ധിച്ചത്. ഇത് മുതലെടുത്ത് മറ്റ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടി. ഡല്‍ഹിയിലേക്ക് കൊച്ചിയില്‍ നിന്ന് 40,000 രൂപയും തിരുവനന്തപുരത്ത് നിന്ന് 70,000 രൂപയുമായിരുന്നു അടുത്ത ദിവസങ്ങളിലെ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക്. 


സാധാരണ 8,000 രൂപയാണ് ഈ റൂട്ടിലെ ശരാശരി ടിക്കറ്റ് നിരക്ക്. മറ്റ് സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും സമാനമായ നിരക്ക് വര്‍ധനയുണ്ടായിരുന്നു. ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നു.

തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഇടപെടല്‍. 500 കിലോമീറ്റര്‍ വരെ പരമാവധി 7,500 രൂപ വിമാനകൂലിയായി നിശ്ചയിച്ചു. 500 - 1000 കിലോമീറ്റര്‍ വരെ പരമാവധി 12,000 രൂപ വരെ മാത്രമെ ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ സാധിക്കുകയുള്ളൂ. 1000 - 1500 കിലോമീറ്റര്‍ വരെ 15,000 രൂപയും 1500 കിലോമീറ്റര്‍ ദൂരപരിധിക്ക് മുകളില്‍ 18,000 രൂപയും വിമാനക്കൂലി പരിധിയായി നിശ്ചയിച്ചു. 


സാധാരണയിലും കൂടിയ നിരക്കുകള്‍ ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കരുതെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു. നിലവിലെ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കുന്നതുവരെ ഈ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ തുടരും.

അതേസമയം, ആഭ്യന്തര സര്‍വീസുകളില്‍ ഡൈനാമിക് പ്രൈസിങ് രീതി എടുത്തുകളയണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. പുതിയ നിരക്ക് യാത്രക്കാര്‍ക്കിടയില്‍ ചില ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

പുതിയ നിരക്ക് പ്രകാരം ഇനി ഡല്‍ഹി വരെ പോകണമെങ്കില്‍ 18000 രൂപവരെ നല്‍കേണ്ടിവരും. മുന്‍പു ഉത്സവ സീസണുകളില്‍ ഒഴിച്ചു ടിക്കറ്റ് നിരക്ക് ഇതിനേക്കാള്‍ കുറവായിരുന്നു എന്നും യാത്രക്കാര്‍ പറയുന്നുണ്ട്.

Advertisment