ആ 19-മിനിറ്റ് വൈറൽ വീഡിയോ കൊടുംവില്ലൻ ! ഡൗൺലോഡ് ചെയ്താൽ പണികിട്ടും. ഷെയർ ചെയ്താൽ 7 വർഷം വരെ ജയിൽ ശിക്ഷ, മുന്നറിയിപ്പുമായി പോലീസ്

New Update
warnning police

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന “19-മിനിറ്റ് വീഡിയോ”യെ കുറിച്ച് സൈബർ സെല്ലും വിവിധ സംസ്ഥാനങ്ങളിലെ പോലീസും കടുത്ത മുന്നറിയിപ്പ് നൽകി. വീഡിയോ യഥാർത്ഥമല്ലെന്നും, കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യങ്ങളാണിതെന്നും അധികൃതർ വ്യക്തമാക്കി. 

Advertisment

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള ഈ ദൃശ്യങ്ങൾ അശ്ലീല ഉള്ളടക്കമായി കണക്കാക്കപ്പെടുന്നതിനാൽ, കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്നത് നിയമലംഘനമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

വീഡിയോയുടെ പേരിൽ “പാർട്ട്-2”, “പാർട്ട്-3” എന്നീ വ്യാജ ലിങ്കുകളും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുവെന്ന് സൈബർ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും ഉപയോക്താക്കളുടെ ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും മാൽവെയർ കയറ്റാനുള്ള ശ്രമങ്ങളാണെന്നും വ്യക്തിഗത ഡാറ്റയും ബാങ്കിംഗ് വിവരങ്ങളും ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

വീഡിയോയുമായി ബന്ധപ്പെട്ട ഉള്ളടക്കം കൈമാറുന്നവർക്കെതിരെ ഐടി ആക്ടിലെ സെക്ഷൻ 67, 67A ഉൾപ്പെടെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് മൂന്ന് വർഷം വരെ ജയിൽശിക്ഷയും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്നാണ് നിയമം. 

ലൈംഗിക സ്വഭാവമുള്ള ദൃശ്യങ്ങൾ പങ്കുവച്ചാൽ അഞ്ചു വർഷം വരെ ജയിൽശിക്ഷയും പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ആവർത്തിച്ചാൽ ശിക്ഷ ഏഴ് വർഷമായി ഉയരും. കൂടാതെ ഐപിസി സെക്ഷൻ 292, 293, 354C എന്നിവയും ഇതിന് ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

വീഡിയോ കാണുന്നതിനും, ഡൗൺലോഡ് ചെയ്യുന്നതിനും, ഫോർവേഡ് ചെയ്യുന്നതിനും പോലും കടുത്ത ശിക്ഷ ലഭിക്കാമെന്നതിനാൽ, ഇത്തരം ലിങ്കുകൾ ആരും തുറക്കരുതെന്നും, ലഭിക്കുന്ന പക്ഷം ഉടൻ ഡിലീറ്റ് ചെയ്യണമെന്നും പോലീസ് നിർദേശം നൽകി. സംശയാസ്പദമായ ലിങ്കുകളോ സന്ദേശങ്ങളോ ലഭിക്കുന്നവർ സൈബർ സെല്ലുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പുണ്ട്. 

Advertisment