രാഹുലിനെ തടഞ്ഞാൽ മോദിയെയും തടയും; പാർലമെന്റിൽ പോര് മുറുകുന്നു; നരവനെയുടെ പുസ്തകം പുതിയ ആയുധമാക്കി പ്രതിപക്ഷം

ആധികാരികമല്ലാത്ത രേഖകള്‍ സഭയില്‍ ഉദ്ധരിക്കാന്‍ പാടില്ലെന്ന ചട്ടം രാഹുല്‍ ലംഘിക്കുന്നുവെന്ന് ബിജെപി എംപിമാര്‍ വാദിച്ചു.

New Update
Untitled

ഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്ത പക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടയുമെന്ന കര്‍ശന നിലപാടുമായി കോണ്‍ഗ്രസ്.

Advertisment

ഇതേത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കേണ്ടിയിരുന്ന പ്രധാനമന്ത്രിയുടെ ലോക്‌സഭയിലെ പ്രസംഗം ഇന്നലെ റദ്ദാക്കിയിരുന്നു.


മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് പ്രധാന കാരണം. 2020-ലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കസമയത്ത് രാഷ്ട്രീയ നേതൃത്വം സൈന്യത്തെ കൈവിട്ടുവെന്ന് ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.


പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച് സംസാരിക്കാന്‍ തന്നെ അനുവദിക്കാത്തത് സര്‍ക്കാര്‍ ഭയപ്പെടുന്നതുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ ഭരണപക്ഷത്തെ ആരെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരാന്‍ ഭയപ്പെടുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് എട്ട് പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവിലേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


സഭയുടെ മര്യാദകളും ചട്ടങ്ങളും രാഹുല്‍ ഗാന്ധി ലംഘിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. രാജ്യസഭയില്‍ ബിജെപി നേതാവ് ജെ.പി. നദ്ദ രാഹുല്‍ ഗാന്ധിയെ 'അബോധി ബാലക്' (വിവരമില്ലാത്ത കുട്ടി) എന്ന് വിശേഷിപ്പിച്ചത് തര്‍ക്കം രൂക്ഷമാക്കി.


ആധികാരികമല്ലാത്ത രേഖകള്‍ സഭയില്‍ ഉദ്ധരിക്കാന്‍ പാടില്ലെന്ന ചട്ടം രാഹുല്‍ ലംഘിക്കുന്നുവെന്ന് ബിജെപി എംപിമാര്‍ വാദിച്ചു.

ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാനിരിക്കെ, അവിടെയും തടസ്സമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നീക്കം. സര്‍ക്കാര്‍ ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നുവെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നുവെന്നും ആരോപിച്ച് വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.

Advertisment