മാപ്പപേക്ഷ നൽകിയാൽ മടങ്ങിവരാം; ഉദ്യോഗസ്ഥർക്ക് മുന്നിൽ നിബന്ധന വെച്ച് ശങ്കരാചാര്യർ. മാപ്പപേക്ഷിക്കാൻ പ്രയാഗ്‌രാജ് ഭരണകൂടം; മാഘമേളയിലെ വൻ വിവാദം ഒത്തുതീർപ്പിലേക്ക്. ശങ്കരാചാര്യരും യോഗി ആദിത്യനാഥും തമ്മിലുള്ള പോര് അവസാനിക്കുന്നു?

തന്നെ തടഞ്ഞ ഉദ്യോഗസ്ഥര്‍ രേഖാമൂലം മാപ്പ് പറയണം. നാല് ശങ്കരാചാര്യര്‍മാര്‍ക്കും കൃത്യമായ പ്രോട്ടോക്കോള്‍ അനുവദിക്കണം.

New Update
Untitled

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ മാഘമേളയ്ക്കിടെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതിയെ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ വന്‍ വിവാദത്തിന് അയവ് വരുന്നു.

Advertisment

സംഭവത്തില്‍ ശങ്കരാചാര്യരോട് രേഖാമൂലം മാപ്പപേക്ഷിക്കാന്‍ പ്രയാഗ്രാജ് ഭരണകൂടം തയ്യാറായതായി അദ്ദേഹത്തിന്റെ അനുയായികള്‍ അവകാശപ്പെട്ടു. ഇതോടെ രണ്ടാഴ്ചയോളമായി നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്വത്തിന് അന്ത്യമാകുമെന്നാണ് സൂചന.


ജനുവരി 18-ന് മൗനി അമാവാസി ദിനത്തില്‍ പ്രയാഗ്രാജിലെ സംഗമത്തില്‍ പുണ്യസ്‌നാനം നടത്താന്‍ എത്തിയ ശങ്കരാചാര്യരുടെ രഥം ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. ഭക്തജനത്തിരക്ക് മൂലം തിക്കും തിരക്കും ഒഴിവാക്കാനാണ് രഥം തടഞ്ഞതെന്നും മറ്റുള്ളവരെപ്പോലെ നടന്നുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നുമാണ് അധികൃതരുടെ വിശദീകരണം.


എന്നാല്‍ ഇത് തന്നെ അപമാനിക്കലാണെന്ന് ആരോപിച്ച് ശങ്കരാചാര്യര്‍ പ്രതിഷേധിക്കുകയും പുണ്യസ്‌നാനം നടത്താതെ ബുധനാഴ്ച പ്രയാഗ്രാജ് വിട്ട് വാരണാസിയിലേക്ക് മടങ്ങുകയും ചെയ്തു.

ശങ്കരാചാര്യര്‍ പെട്ടെന്ന് മടങ്ങിയത് അധികൃതരെ സമ്മര്‍ദ്ദത്തിലാക്കി. ലഖ്നൗവില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വാരണാസിയിലെത്തി അദ്ദേഹത്തെ കണ്ട് മാഘ പൂര്‍ണിമ ദിനത്തില്‍ (ഫെബ്രുവരി 1) തിരികെ വന്ന് സ്‌നാനം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പ്രധാനമായും രണ്ട് നിബന്ധനകളാണ് ശങ്കരാചാര്യര്‍ മുന്നോട്ടുവെച്ചത്:

തന്നെ തടഞ്ഞ ഉദ്യോഗസ്ഥര്‍ രേഖാമൂലം മാപ്പ് പറയണം. നാല് ശങ്കരാചാര്യര്‍മാര്‍ക്കും കൃത്യമായ പ്രോട്ടോക്കോള്‍ അനുവദിക്കണം. ഈ വിവാദം മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശങ്കരാചാര്യരും തമ്മിലുള്ള വ്യക്തിപരമായ വാക്‌പോരിലേക്കും നീങ്ങിയിരുന്നു.


ഹനുമാനെ ചതിക്കാന്‍ മുനി വേഷം കെട്ടിയെത്തിയ 'കാലനേമി' എന്ന രാക്ഷസനെപ്പോലെ ചിലര്‍ വേഷം കെട്ടുകയാണെന്ന് പേരെടുത്തു പറയാതെ മുഖ്യമന്ത്രി പരിഹസിച്ചു. ഇതിന് മറുപടിയായി, യോഗി ഇപ്പോള്‍ ഒരു രാഷ്ട്രീയക്കാരനാണെന്നും മതപരമായ കാര്യങ്ങള്‍ സന്ന്യാസിമാര്‍ക്ക് വിട്ടുകൊടുക്കണമെന്നും ശങ്കരാചാര്യര്‍ തിരിച്ചടിച്ചു.


ഈ സംഭവത്തില്‍ പ്രതിഷേധിച്ച് അയോധ്യയിലെ ഒരു ഡെപ്യൂട്ടി ജിഎസ്ടി കമ്മീഷണര്‍ തന്റെ ജോലി രാജിവെച്ചതും വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ശങ്കരാചാര്യര്‍ അധിക്ഷേപിച്ചത് സഹിക്കാനാവില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

Advertisment