/sathyam/media/media_files/2026/01/30/sunetra-pawar-2026-01-30-09-39-43.jpg)
മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നു.
അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാര്‍ പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍, രാഷ്ട്രീയ സാഹചര്യങ്ങളോ സാങ്കേതിക തടസ്സങ്ങളോ മൂലം സുനേത്ര പവാര്‍ ഈ പദവി ഏറ്റെടുത്തില്ലെങ്കില്‍, പാര്‍ട്ടിയുടെ അടുത്ത സാരഥിയായി പ്രഫുല്‍ പട്ടേല്‍ എത്തിയേക്കും.
അജിത് പവാറിന് ശേഷം പാര്‍ട്ടിയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവായി പ്രഫുല്‍ പട്ടേല്‍ മാറുന്നതിന് പിന്നില്‍ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:
മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയെന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രഫുല്‍ പട്ടേലിനുള്ള ബന്ധങ്ങള്‍ എന്‍സിപിക്ക് മുതല്‍ക്കൂട്ടാണ്. ബിജെപി നേതൃത്വവുമായി അദ്ദേഹം പുലര്‍ത്തുന്ന അടുത്ത ബന്ധം എന്‍ഡിഎ സഖ്യത്തില്‍ എന്‍സിപിയുടെ സ്ഥാനം ഭദ്രമാക്കാന്‍ സഹായിക്കുന്നു.
ദീര്‍ഘകാലം ശരദ് പവാറിന്റെ വിശ്വസ്തനായിരുന്ന പട്ടേലിന് പവാറിന്റെ നീക്കങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. എന്‍സിപി പിളര്‍ന്നപ്പോള്‍ നിയമപരമായ നീക്കങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനിലെ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.
രാഷ്ട്രീയത്തിന് പുറമെ കോര്‍പ്പറേറ്റ് ലോകത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിനും സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കും കരുത്ത് പകരും.
നാല് തവണ ലോക്‌സഭാംഗവും ആറ് തവണ രാജ്യസഭാംഗവുമായ അദ്ദേഹം മികച്ച ഭരണാധികാരിയെന്ന നിലയില്‍ പേരെടുത്ത നേതാവാണ്.
സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരണമെന്നും പാര്‍ട്ടിയുടെ ഭരണപരമായ കാര്യങ്ങള്‍ പരിചയസമ്പന്നനായ പ്രഫുല്‍ പട്ടേല്‍ ഏറ്റെടുക്കണമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. മഹാരാഷ്ട്രയിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പട്ടേലിന്റെ 'ചാണക്യ തന്ത്രങ്ങള്‍' അത്യാവശ്യമാണെന്ന് അവര്‍ കരുതുന്നു.
പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച ബാരാമതിയില്‍ നടന്നു. ഇതിന് പിന്നാലെയാണ് പുതിയ നേതൃത്വത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ എന്‍സിപിയില്‍ മുറുകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us