/sathyam/media/media_files/2026/01/30/untitled-2026-01-30-08-54-41.jpg)
ഡല്‍ഹി: 'ഈ കോള്‍ റെക്കോര്‍ഡ് ചെയ്‌തോ, നിനക്കിത് പോലീസില്‍ തെളിവായി നല്‍കാം. നിന്റെ സഹോദരിയെ ഞാന്‍ കൊല്ലുകയാണ്, പോലീസിനും എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല.' - ഫോണിന്റെ അപ്പുറം നിന്ന് കേട്ട ഈ അട്ടഹാസത്തിന് പിന്നാലെ ഡല്‍ഹി പോലീസ് സ്വാറ്റ് കമാന്‍ഡോ കാജല്‍ ചൗധരിയുടെ (27) നിലവിളിയാണ് സഹോദരന്‍ നിഖില്‍ അവസനാമായി കേട്ടത്.
നിമിഷങ്ങള്‍ക്കകം ഫോണ്‍ കട്ടായി. അഞ്ച് മിനിറ്റിന് ശേഷം വീണ്ടും വന്ന കോളില്‍ മറുപുറം പറഞ്ഞത് ഒരേയൊരു വാചകം മാത്രം: 'അവള്‍ മരിച്ചു, ആശുപത്രിയിലേക്ക് വന്നോളൂ.'
ജനുവരി 22-ന് രാത്രി പത്തരയോടെ പശ്ചിമ ഡല്‍ഹിയിലെ മോഹന്‍ ഗാര്‍ഡനിലായിരുന്നു മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ കൊലപാതകം നടന്നത്. നാല് മാസം ഗര്‍ഭിണിയായിരുന്ന കാജലിനെ ഭര്‍ത്താവ് അങ്കുര്‍ തലയ്ക്ക് ഡംബല്‍ കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്.
ഡല്‍ഹി സെക്ടറിലെ പ്രതിരോധ മന്ത്രാലയത്തില്‍ ക്ലര്‍ക്കായ അങ്കുര്‍, കാജലുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം രാത്രി അങ്കുര്‍ കാജലിന്റെ സഹോദരന്‍ നിഖിലിനെ വിളിച്ച് സഹോദരിയെ ഉപദേശിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നിഖില്‍ കാജലിനെ വിളിച്ചപ്പോള്‍ താന്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് കാജല്‍ സഹോദരനോട് തുറന്നുപറഞ്ഞു. ഇതില്‍ പ്രകോപിതനായ അങ്കുര്‍ ഫോണ്‍ തട്ടിയെടുക്കുകയും കൊലപാതക ഭീഷണി മുഴക്കുകയുമായിരുന്നു.
കനത്ത ഡംബല്‍ കൊണ്ട് തലയുടെ പിന്നിലേറ്റ ആഘാതമാണ് മരണകാരണം. ഗുരുതരമായി പരിക്കേറ്റ കാജലിനെ ഗാസിയാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജനുവരി 27-ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
വിവാഹസമയത്ത് ബുള്ളറ്റ് ബൈക്കും സ്വര്‍ണാഭരണങ്ങളും പണവും നല്‍കിയിരുന്നിട്ടും അങ്കുറിന്റെ കുടുംബം തൃപ്തരായിരുന്നില്ലെന്ന് കാജലിന്റെ പിതാവ് രാകേഷ് ആരോപിച്ചു. മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കില്‍ കാര്‍ ലഭിക്കുമായിരുന്നു എന്ന് പറഞ്ഞായിരുന്നു പീഡനം. പിന്നീട് കാജല്‍ തന്നെ കാര്‍ വാങ്ങി നല്‍കിയിട്ടും ഉപദ്രവം തുടര്‍ന്നു.
ഗര്‍ഭിണിയായിരുന്നിട്ടും ഡ്യൂട്ടി കഴിഞ്ഞ് വന്നാല്‍ വീട്ടുജോലികളെല്ലാം കാജലിനെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചിരുന്നു. അമ്മായിയമ്മയും രണ്ട് നാത്തൂന്മാരും സ്ത്രീധനത്തിനായി കാജലിനെ പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി കാജല്‍ ലോണ്‍ എടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
പാനിപ്പത്തിലെ കോളേജ് പഠനകാലത്ത് തുടങ്ങിയ പ്രണയത്തിനൊടുവില്‍ 2023 നവംബറിലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. അഞ്ച് മാസം മുമ്പും കാജലിനെ അങ്കുര്‍ മര്‍ദ്ദിച്ചിരുന്നു. അന്ന് കുഞ്ഞിനെ സാക്ഷി നിര്‍ത്തി ഇനി ആവര്‍ത്തിക്കില്ലെന്ന് സത്യം ചെയ്തതിനാലാണ് കുടുംബം ക്ഷമിച്ചതെന്ന് നിഖില്‍ പറഞ്ഞു.
കൊലപാതക കുറ്റം ചുമത്തി അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തു. കാജലിന്റെ ഒന്നര വയസ്സുകാരനായ മകന്‍ ഇപ്പോള്‍ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കൂടെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us