ടി20 ലോകകപ്പ്: ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചേക്കും; പാക് ക്രിക്കറ്റ് ബോർഡിനെതിരെ മുൻതാരം റാഷിദ് ലത്തീഫ്

ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറിയില്ലെങ്കിലും ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നുണ്ട്.

New Update
Untitled

ഇസ്ലാമാബാദ്: 2026-ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.

Advertisment

ബംഗ്ലാദേശിനെ ആതിഥേയത്വത്തില്‍ നിന്ന് മാറ്റിയ ഐസിസി തീരുമാനത്തില്‍ പ്രതിഷേധിച്ച് ടൂര്‍ണമെന്റോ അല്ലെങ്കില്‍ ഇന്ത്യയുമായുള്ള മത്സരമോ ബഹിഷ്‌കരിക്കുന്നത് പാകിസ്ഥാന്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പ്രതിഷേധിക്കാനുള്ള ശരിയായ സമയം പാകിസ്ഥാന്‍ പാഴാക്കിക്കളഞ്ഞുവെന്ന് മുന്‍ പാക് താരം റാഷിദ് ലത്തീഫ് വിമര്‍ശിച്ചു.


പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും വരുംദിവസങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും നഖ്വി അറിയിച്ചു.

ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറിയില്ലെങ്കിലും ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് 'കളിക്കില്ല' എന്നായിരുന്നു റാഷിദ് ലത്തീഫിന്റെ മറുപടി. സര്‍ക്കാര്‍ നിലപാട് എടുത്താല്‍ അത് അംഗീകരിക്കാന്‍ ഐസിസി ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.


ഐസിസി യോഗം നടന്ന കഴിഞ്ഞ ആഴ്ചയായിരുന്നു പ്രതിഷേധിക്കാന്‍ അനുയോജ്യമായ സമയമെന്ന് ലത്തീഫ് ചൂണ്ടിക്കാട്ടി. 'ഇരുമ്പ് ചൂടായിരിക്കുമ്പോള്‍ തന്നെ അടിക്കണമായിരുന്നു. ആ സമയം കടന്നുപോയി. ഇപ്പോള്‍ ബഹിഷ്‌കരിച്ചാല്‍ വിചാരിച്ച ഫലം ലഭിക്കില്ല,' അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിന് ഐസിസിയില്‍ വോട്ട് നല്‍കിയതോടെ ആ അധ്യായം അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഐസിസി അവിടെ നിന്ന് ലോകകപ്പ് മാറ്റിയത്. ഇതില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പാകിസ്ഥാന്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പാകിസ്ഥാന്‍ തങ്ങളുടെ അന്തിമ നിലപാട് വ്യക്തമാക്കും.

Advertisment