/sathyam/media/media_files/2026/01/30/untitled-2026-01-30-14-51-00.jpg)
തിരുപ്പതി: രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച തിരുപ്പതി ലഡു വിവാദത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകളുമായി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ലഡു നിര്‍മ്മാണത്തിനായി ഉപയോഗിച്ച നെയ്യില്‍ ബീഫ് കൊഴുപ്പോ പന്നിക്കൊഴുപ്പോ ഉണ്ടായിരുന്നില്ലെന്നും, പകരം രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ നെയ്യാണ് ഉപയോഗിച്ചതെന്നും സിബിഐ കണ്ടെത്തി. നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
2019-നും 2024-നും ഇടയില്‍ ലഡു നിര്‍മ്മാണത്തിനായി എത്തിച്ച നെയ്യില്‍ സസ്യ എണ്ണകളും ലാബുകളില്‍ നിര്‍മ്മിക്കുന്ന രാസവസ്തുക്കളുമാണ് ചേര്‍ത്തിരുന്നത്. ശുദ്ധമായ നെയ്യാണെന്ന് ലാബ് പരിശോധനകളില്‍ തോന്നിപ്പിക്കാന്‍ 'അസറ്റിക് ആസിഡ് ഈസ്റ്ററുകള്‍' എന്ന രാസവസ്തുവാണ് ഉപയോഗിച്ചത്.
ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള 'ഭോലെ ബാബ ഓര്‍ഗാനിക് ഡയറി' എന്ന സ്ഥാപനമാണ് ഈ തട്ടിപ്പിന് പിന്നില്‍. 2019-2024 കാലയളവില്‍ ഈ സ്ഥാപനം പാലും വെണ്ണയും വാങ്ങിയിരുന്നില്ല. പകരം കൊല്‍ക്കത്തയില്‍ നിന്നുള്ള പാം ഓയില്‍, പാം കേര്‍ണല്‍ ഓയില്‍ എന്നിവ ഉപയോഗിച്ച് 250 കോടി രൂപയുടെ വ്യാജ നെയ്യ് നിര്‍മ്മിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നല്‍കുകയായിരുന്നു.
പശുവിന്‍ നെയ്യിന്റെ നിറം ലഭിക്കാന്‍ 'ബീറ്റാ കരോട്ടിന്‍' എന്ന ഘടകവും, മണത്തിനായി കൃത്രിമ സുഗന്ധദ്രവ്യങ്ങളും ചേര്‍ത്താണ് ഈ 'സിന്തറ്റിക് നെയ്യ്' നിര്‍മ്മിച്ചത്.
ടിടിഡി മുന്‍ ജനറല്‍ മാനേജര്‍ (പ്രൊക്യൂര്‍മെന്റ്) ആര്‍എസ്എസ്വിആര്‍ സുബ്രഹ്‌മണ്യം ഉള്‍പ്പെടെ 36 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിക്ക് നെയ്യ് വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും സിബിഐ കണ്ടെത്തി.
2024-ല്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പവന്‍ കല്യാണും ലഡുവില്‍ 'മൃഗക്കൊഴുപ്പ്' ഉണ്ടെന്ന് ആരോപിച്ചത് വലിയ വിവാദമായിരുന്നു.
എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, നായിഡുവും പവന്‍ കല്യാണും വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയോടും ഭക്തരോടും മാപ്പ് പറയണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനായി പവിത്രമായ തിരുപ്പതി ലഡുവിനെക്കുറിച്ച് കള്ളപ്രചാരണം നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us