/sathyam/media/media_files/2026/01/30/untitled-2026-01-30-09-22-29.jpg)
കൊല്‍ക്കത്ത: കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശമായ ആനന്ദപൂരില്‍ രണ്ട് വെയര്‍ഹൗസുകളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പ്രശസ്ത ഭക്ഷണ ശൃംഖലയായ 'വൗ മോമോ'യുടെ ഗോഡൗണും ഇതിനോട് ചേര്‍ന്നുള്ള ഡെക്കറേഷന്‍ സ്ഥാപനവുമാണ് വെണ്ണീറായത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
തീപിടുത്തമുണ്ടായ 'പുഷ്പാഞ്ജലി ഡെക്കറേറ്റേഴ്‌സ്' ഉടമ ഗംഗാധര്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധ മൂലം മരണത്തിന് കാരണമായതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ഫെബ്രുവരി 4 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
രണ്ട് വെയര്‍ഹൗസുകള്‍ക്കും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വൗ മോമോയുടെ ഗോഡൗണില്‍ സാധനങ്ങള്‍ കവാടത്തിന് സമീപം കുന്നുകൂട്ടിയിരുന്നത് തൊഴിലാളികള്‍ക്ക് പുറത്തേക്ക് രക്ഷപ്പെടാന്‍ തടസ്സമായതായും റിപ്പോര്‍ട്ടുകളുണ്ട്.
തങ്ങളുടെ രണ്ട് ജീവനക്കാരും ഒരു സെക്യൂരിറ്റി ഗാര്‍ഡും അപകടത്തില്‍ മരിച്ചതായി വൗ മോമോ സ്ഥിരീകരിച്ചു. ഡെക്കറേറ്റേഴ്‌സ് ഗോഡൗണില്‍ അനധികൃതമായി നടത്തിയ പാചകമാണ് തീപിടുത്തത്തിന് കാരണമെന്നാണ് കമ്പനിയുടെ ആരോപണം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും, കുട്ടികളുടെ വിദ്യാഭ്യാസ ചെലവും, ആശ്രിതര്‍ക്ക് ആജീവനാന്ത ശമ്പളവും നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us