ഹൈദരാബാദ്: വൃക്കരോഗിയായ യുവതിക്ക് തെറ്റായ ഗ്രൂപ്പിലുള്ള രക്തം നല്‍കിയതിനെ തുടര്‍ന്ന് മരിച്ചു. കാക്കിനട ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലാണ് സംഭവം. 34 കാരിയാണ് മരിച്ചത്.
പശ്ചിമ ഗോദാവരി ജില്ലയിലെ പാലകൊല്ലു സ്വദേശിനിയായ ഭാവന സിരിഷയെ വൃക്കരോഗത്തിനുള്ള നൂതന ചികിത്സയ്ക്കായി നവംബര്‍ നാലിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയ്ക്കിടെ ഹീമോഗ്ലോബിന്റെ കുറവ് അളവ് പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ രക്തപ്പകര്‍ച്ച ശുപാര്‍ശ ചെയ്തു.യുവതിക്ക് ആവശ്യമായ രക്തഗ്രൂപ്പ് 'ഒ പോസിറ്റീവ്' ആയിരുന്നു.
ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ നിന്നും ആവശ്യമായ രക്തം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ നവംബര്‍ 26 ചൊവ്വാഴ്ച വൈകുന്നേരം, അഡ്വാന്‍സ്ഡ് മെഡിക്കല്‍ കെയര്‍ യൂണിറ്റിലെ ഡ്യൂട്ടിയിലുള്ള ഒരു ഹൗസ് സര്‍ജന്‍ 'ഒ പോസിറ്റീവ്' ഗ്രൂപ്പിന് പകരം തെറ്റായി 'എബി പോസിറ്റീവ്' രക്തം നല്‍കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 'എബി പോസിറ്റീവ്' രക്തം ഉടന്‍ നീക്കം ചെയ്തെങ്കിലും സിരിഷയുടെ നില അതിവേഗം വഷളായി. ഓക്‌സിജന്റെ അളവ് കുറഞ്ഞ് ബുധനാഴ്ച രാവിലെ മരിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ.ലാവണ്യ കുമാരി ദുഃഖത്തില്‍ കഴിയുന്ന കുടുംബത്തെ അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.