/sathyam/media/media_files/2026/02/02/untitled-2026-02-02-08-44-39.jpg)
ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദികള്‍ നടത്തിയ ഏകോപിത ആക്രമണങ്ങള്‍ക്ക് പിന്നാലെ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 145 വിഘടനവാദികള്‍ കൊല്ലപ്പെട്ടു.
40 മണിക്കൂര്‍ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇത്രയധികം ഭീകരരെ വധിച്ചതെന്ന് ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രവിശ്യയിലെ വിവിധയിടങ്ങളില്‍ വിഘടനവാദികള്‍ നടത്തിയ വെടിവെപ്പിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 17 സുരക്ഷാ ഉദ്യോഗസ്ഥരും 31 സാധാരണക്കാരുമടക്കം 48 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആശുപത്രികള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, ചന്തകള്‍ എന്നിവിടങ്ങളില്‍ സാധാരണക്കാരുടെ വേഷത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സാധാരണക്കാരെ ഇവര്‍ മനുഷ്യകവചങ്ങളായി ഉപയോഗിച്ചതായും പാക് ആഭ്യന്തര സഹമന്ത്രി തലാല്‍ ചൗധരി പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ബിഎല്‍എ ഏറ്റെടുത്തു. 'ഹെറോഫ്' (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ട ഈ ഓപ്പറേഷനിലൂടെ 84 പാക് സൈനികരെ വധിച്ചതായാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നടന്ന ആക്രമണങ്ങളില്‍ രണ്ടെണ്ണത്തില്‍ സ്ത്രീകളാണ് പങ്കെടുത്തതെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെളിപ്പെടുത്തി.
ക്വറ്റ, ഗ്വാദര്‍, മസ്തുങ്, നോഷ്‌കി എന്നീ ജില്ലകളില്‍ ഒരേസമയമാണ് വിഘടനവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്. സൈനിക ആസ്ഥാനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തും ചാവേര്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചും ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനെത്തുടര്‍ന്ന് സൈന്യവും പോലീസും ഭീകരവിരുദ്ധ സേനയും സംയുക്തമായി വന്‍തോതിലുള്ള പ്രത്യാക്രമണം ആരംഭിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us