ഇന്ത്യയുടെ ഐതിഹാസിക ചലച്ചിത്രകാരൻ സത്യജിത് റേയുടെ ബംഗ്ലാദേശിലുള്ള കുടുംബ ഭവനം പൊളിച്ചു നീക്കാനുള്ള ബംഗ്ളാ പുരാവസ്തു വകുപ്പിന്റെ നീക്കത്തിൽ ഇന്ത്യ ഖേദം അറിയിച്ചു. കെട്ടിടം കേടുപാടുകൾ തീർത്തു ഭദ്രമാക്കാൻ സഹകരണം നൽകാമെന്നു ഇന്ത്യ ബംഗ്ലാദേശിനു വാഗ്‌ദാനം നൽകിയിട്ടുമുണ്ട്.
റേയുടെ മുത്തശ്ശനും ആദരണീയ സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധുരിയുടെ വക കെട്ടിടം പൊളിക്കുന്നത് ദുഃഖകരമാണെന്നു വിദേശകാര്യ വകുപ്പ് ബംഗ്ളാ ഭരണകൂടത്തെ അറിയിച്ചു.
ബംഗ്ലാ സർക്കാരിന്റെ കൈയ്യിലുള്ള കെട്ടിടം ജീർണിച്ച അവസ്ഥയിലാണ്. പ്രമുഖ ബംഗ്ലാ ദിന പത്രമായ 'ഡെയ്‌ലി സ്റ്റാർ' പറയുന്നത് ഹരികിഷോർ റേ ചൗധുരി റോഡിലുള്ള നൂറോളം വർഷമെത്തിയ കെട്ടിടം പൊളിച്ചു അവിടെ ശിശു അക്കാഡമിക്ക് കെട്ടിടം പണിയുന്നു എന്നാണ്.
സാംസ്‌കാരിക സ്വത്തായി സംരക്ഷിക്കേണ്ട കെട്ടിടമാണ് അതെന്നു ഇന്ത്യ ചൂണ്ടിക്കാട്ടി. ബംഗ്ലാ നവോഥാനത്തിന്റെ പ്രതീകമാണ്. ഇന്ത്യയും ബംഗ്ലദേശും പങ്കിടുന്ന പൈതൃകത്തിന്റെ പ്രതീകവുമാണ്. സത്യജിത് റേ ജനിച്ചത് കൊൽക്കത്തയിലാണ്.