"ബഹുമാനം വിലകൊടുത്ത് വാങ്ങാനാവില്ല": ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് പിന്നാലെ പാകിസ്താനിൽ ഭരണകൂടത്തിനെതിരെ ജനരോഷം

പാകിസ്താനിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട പുതിയ വ്യാപാര കരാര്‍ പാകിസ്താനില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധിക്കും പ്രതിഷേധത്തിനും വഴിതെളിക്കുന്നു.

Advertisment

മാസങ്ങളോളം വാഷിംഗ്ടണിനെ പ്രീണിപ്പിക്കാന്‍ പാക് ഭരണകൂടം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തും സമാധാന ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ പിന്തുണച്ചും പാകിസ്താന്‍ നടത്തിയ നീക്കങ്ങള്‍ പാഴായതായാണ് വിലയിരുത്തല്‍.


ട്രംപിന്റെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന ഇന്ത്യ, വ്യാപാര കരാറില്‍ പാകിസ്താനേക്കാള്‍ നേട്ടമുണ്ടാക്കി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചു.

എന്നാല്‍ പാകിസ്താന്റേത് 19 ശതമാനമായി തുടരും. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് പാക് ജനതയെ കൂടുതല്‍ ചൊടിപ്പിച്ചു.

പാകിസ്താനിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചു.

'21-ാം നൂറ്റാണ്ടിലെ വിദേശനയം വെറും ഫോട്ടോ സെഷനുകളല്ല, മറിച്ച് സാമ്പത്തിക കരുത്ത് ഉപയോഗിച്ചുള്ള വിലപേശലാണ്. ഇന്ത്യയുടെ വിജയം അതാണ് തെളിയിക്കുന്നത്. മുഖസ്തുതി കൊണ്ട് കാര്യമില്ലെന്ന് മുന്‍ മന്ത്രി ഹമ്മദ് അസ്ഹര്‍ പറഞ്ഞു. 


'നിങ്ങള്‍ക്ക് ബലൂചിസ്ഥാനിലെ ധാതുക്കള്‍ തടിപ്പെട്ടികളിലാക്കി ദാനം ചെയ്യാം, പക്ഷേ അന്തസ്സ് വിലകൊടുത്തു വാങ്ങാനാവില്ല. 'സെയില്‍സ്മാന്‍-ഇന്‍-ചീഫ്' തന്ത്രം പാളിയിരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഇമ്രാന്‍ റിയാസ് ഖാന്‍ വ്യക്തമാക്കി.


'ട്രംപ് ഒരു ബിസിനസുകാരനാണ്. അദ്ദേഹം ഇന്ത്യയെ ഒരു പങ്കാളിയായാണ് കണ്ടത്. എന്നാല്‍ പാകിസ്താനെ ഒരു കടക്കാരനായും. ജനപിന്തുണയില്ലാത്ത ഒരു സര്‍ക്കാരിന്റെ ഗതികേടാണിത്.'

ഫെബ്രുവരി 2-ന് പ്രഖ്യാപിച്ച ഈ കരാറിലൂടെ ഇന്ത്യയുടെ കയറ്റുമതിയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 150 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും തുടര്‍ച്ചയായി ഉണ്ടായ ഈ വ്യാപാര കരാറുകള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കുതിപ്പേകും.

Advertisment