/sathyam/media/media_files/2026/01/29/1769707850-2026-01-29-23-26-51.jpg)
ദുബായ്: ഇറാനിലെ നിലവിലെ പുരോഹിത ഭരണകൂടത്തെ പുറത്താക്കി ഭരണമാറ്റം കൊണ്ടുവരുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ സൈനിക പദ്ധതികൾ പരിഗണിക്കുന്നതായി റിപ്പോർട്ട്.
ഇറാനിലെ ഉന്നത നേതാക്കളെയും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന സൈനിക കമാൻഡർമാരെയും ലക്ഷ്യമിട്ടുള്ള പരിമിതമായ ആക്രമണങ്ങൾ മുതൽ, രാജ്യത്തെ ആണവ-മിസൈൽ കേന്ദ്രങ്ങളെ തകർക്കുന്ന വൻ വ്യോമാക്രമണങ്ങൾ വരെ ട്രംപിന്റെ പരിഗണനയിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ സുരക്ഷാ സംവിധാനങ്ങളെയും സൈനിക സ്ഥാപനങ്ങളെയും തകർക്കുന്നതിലൂടെ രാജ്യത്ത് വീണ്ടും ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകാനുള്ള സാഹചര്യം ഒരുക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
പുതിയ ആണവ കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി യു.എസ്.എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെയുള്ള യുദ്ധസന്നാഹങ്ങൾ ഇതിനോടകം തന്നെ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ട്രംപ് അന്തിമ തീരുമാനമെടുത്താൽ ഏതുനിമിഷവും ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കൻ സൈന്യം.
അതേസമയം, കേവലം വ്യോമാക്രമണം കൊണ്ട് മാത്രം ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ കഴിയില്ലെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ.
പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടാൽ പോലും പകരം മറ്റൊരു നേതാവ് അധികാരത്തിലെത്തുമെന്നും, ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ ഭരണകൂടത്തെ ദുർബലമാക്കാൻ കഴിയൂ എന്നും ഇസ്രായേലി ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു.
പുറത്തുനിന്നുള്ള സൈനിക സമ്മർദ്ദത്തോടൊപ്പം ആഭ്യന്തര പ്രക്ഷോഭങ്ങളും ഏകോപിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us