ഇറാനിൽ വ്യത്യസ്തയിടങ്ങളിൽ സ്ഫോടനം: നാല് മരണം; ഐആർജിസി കമാൻഡർക്ക് നേരെയുള്ള ആക്രമണമെന്ന് പ്രചാരണം

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് ബന്ദര്‍ അബ്ബാസ് സ്ഥിതി ചെയ്യുന്നത്.

New Update
Untitled

ടെഹ്റാന്‍: ഇറാന്റെ തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലും അഹ്വാസിലും ശനിയാഴ്ച സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

അഹ്വാസിലുണ്ടായ ഗ്യാസ് സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവങ്ങളെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.


ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് ബന്ദര്‍ അബ്ബാസ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുണ്ടായ സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 


ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ ഒരു മുതിര്‍ന്ന നാവികസേനാ കമാന്‍ഡറെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ 'പൂര്‍ണ്ണമായും തെറ്റാണെന്ന്' ഇറാനിലെ അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിം വ്യക്തമാക്കി.

തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ ഒരു പാര്‍പ്പിട സമുച്ചയത്തിലാണ് സ്‌ഫോടനമുണ്ടായത്. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്ന് അഹ്വാസ് അഗ്‌നിശമന സേനാ മേധാവി അറിയിച്ചു. സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും കെട്ടിടത്തിന് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സര്‍ക്കാര്‍ മാധ്യമമായ ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


രണ്ട് സംഭവങ്ങളിലും ഇറാനിയന്‍ അധികൃതര്‍ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചോ ഇരകളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.


മേഖലയില്‍ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ഇറാനും അമേരിക്കയും തമ്മില്‍ പിരിമുറുക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സ്‌ഫോടനങ്ങളെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.

Advertisment