സൂറിച്ച്: ലോകത്തുനിന്നു പോളിയോ എന്ന മഹാവ്യാധിയെ പൂര്‍ണമായി തുടച്ചുനീക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ക്കു തടസമായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും.
1988 മുതല്‍ നടത്തിവരുന്ന പോളിയോ നിര്‍മാര്‍ജന യജ്ഞങ്ങളാണ് ഈ രണ്ടു രാജ്യങ്ങള്‍ കാരണം ഫലപ്രാപ്തിയിലെത്താതെ തുടരുന്നു. 2021ല്‍ ഈ യത്നം വിജയത്തിനടുത്തു വരെ എത്തിയിരുന്നതാണ്. അപ്പോഴാണ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 99 ആയി.
വളരെയധികം പടരാന്‍ സാധ്യതയുള്ളതും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഒരിക്കലും സുഖപ്പെടുത്താനാവാത്തവിധം തളര്‍ത്തുന്നതുമായ രോഗമാണ് പോളിയോ. വൈറസ് ബാധിച്ചുകഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം കുട്ടിതളര്‍ന്നുവീഴും. ലോകത്ത് ഇതിന് ചികില്‍സയും കണ്ടെത്തിയിട്ടില്ല. വാക്സിന്‍ മാത്രമാണ് പ്രതിവിധി.
എന്നാല്‍, പല കാരണങ്ങളാല്‍ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ജനങ്ങള്‍ വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്നുണ്ട്. ഇതുകൂടാതെ, സന്നദ്ധപ്രവര്‍ത്തകര്‍ കൃത്യമായി വാക്സിനേഷന്‍ നടപ്പാക്കുന്നില്ല. അറിവില്ലവത്തയാളുകള്‍ക്ക് ജോലികള്‍ മറിച്ചുനല്‍കുന്നു. റഫ്രിജറേറ്റില്‍ സൂക്ഷിക്കേണ്ട മരുന്ന് കൃത്യമായി സൂക്ഷിച്ചില്ല. ഇതെല്ലാം ക്യാംപെയ്നു തിരിച്ചടിയാണ്.