"ഹോർമുസ് കടലിടുക്കിൽ മൈനുകൾ, ആകാശത്ത് ഡ്രോൺ കൂട്ടങ്ങൾ; 9 കോടി ജനങ്ങൾ അഭയാർത്ഥികളായേക്കാം; ഇറാൻ-അമേരിക്ക യുദ്ധം ആഗോള ദുരന്തത്തിലേക്ക്? അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കാത്തിരിക്കുന്ന അഞ്ച് അപകടങ്ങൾ

അമേരിക്കന്‍ വ്യോമാക്രമണത്തില്‍ റെവല്യൂഷണറി ഗാര്‍ഡ്, മിസൈല്‍ താവളങ്ങള്‍ എന്നിവ തകരുന്നത് ഇറാന്റെ നിലവിലെ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തിയേക്കാം.

New Update
Untitled

ലണ്ടന്‍: ഇറാന്റെ ആണവനിലയങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ അത് മിഡില്‍ ഈസ്റ്റിന്റെ ഭൂപടം തന്നെ മാറ്റിവരച്ചേക്കാം.

Advertisment

ട്രംപ് ഭരണകൂടം സൈനിക നടപടിയുടെ സൂചനകള്‍ നല്‍കുമ്പോള്‍, അത് ഉണ്ടാക്കാന്‍ പോകുന്ന ആഘാതങ്ങളെക്കുറിച്ച് ബിബിസി തയ്യാറാക്കിയ വിശകലനം അഞ്ച് പ്രധാന സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നു.

1. ഭരണകൂടത്തിന്റെ പതനവും ജനാധിപത്യത്തിന്റെ ഉദയവും


അമേരിക്കന്‍ വ്യോമാക്രമണത്തില്‍ റെവല്യൂഷണറി ഗാര്‍ഡ്, മിസൈല്‍ താവളങ്ങള്‍ എന്നിവ തകരുന്നത് ഇറാന്റെ നിലവിലെ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തിയേക്കാം. ഇത് ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുകയും ജനാധിപത്യ ഭരണക്രമത്തിലേക്ക് വഴിമാറുകയും ചെയ്യാം. എന്നാല്‍ ഇറാഖിലും ലിബിയയിലും ഉണ്ടായതിന് സമാനമായ അരാജകത്വം ഇവിടെയും സംഭവിക്കാമെന്ന ആശങ്ക ശക്തമാണ്.


2. സൈനിക ഭരണകൂടം അധികാരത്തിലേക്ക്

നിലവിലെ സിവിലിയന്‍ ഭരണകൂടം തകര്‍ന്നാല്‍, കൂടുതല്‍ തീവ്ര നിലപാടുള്ള ഐആര്‍ജിസിയുടെ നേതൃത്വത്തിലുള്ള ഒരു സൈനിക ഭരണം ഇറാനില്‍ അധികാരമേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് മേഖലയിലെ സംഘര്‍ഷം ഇരട്ടിയാക്കും.

3. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കല്‍

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ വിതറാന്‍ സാധ്യതയുണ്ട്. ആഗോള എണ്ണ ഉല്‍പന്നങ്ങളുടെ 20-25 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇത് തടസ്സപ്പെട്ടാല്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യും.

4. യുഎസ് പടക്കപ്പലുകള്‍ക്ക് നേരെയുള്ള 'സ്വാം' ആക്രമണം


അമേരിക്കന്‍ സാങ്കേതിക വിദ്യയെ നേരിടാന്‍ നൂറുകണക്കിന് ഡ്രോണുകളും വേഗമേറിയ ബോട്ടുകളും ഉപയോഗിച്ചുള്ള 'സ്വാം അറ്റാക്ക്' ഇറാന്‍ നടത്തിയേക്കാം. ഒരു അമേരിക്കന്‍ പടക്കപ്പല്‍ തകരുകയോ നാവികര്‍ തടവിലാക്കപ്പെടുകയോ ചെയ്യുന്നത് വാഷിംഗ്ടണിന് വലിയ തിരിച്ചടിയാകും.


5. പ്രാദേശിക യുദ്ധവും അഭയാര്‍ത്ഥി പ്രവാഹവും

ഏകദേശം 9.3 കോടി ജനസംഖ്യയുള്ള ഇറാന്‍ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് സിറിയയിലെയോ യെമനിലെയോക്കാള്‍ വലിയ ദുരന്തമാകും. ഇത് മിഡില്‍ ഈസ്റ്റിലുടനീളം വന്‍തോതിലുള്ള പലായനത്തിനും മാനുഷിക പ്രതിസന്ധിക്കും കാരണമാകും.

Advertisment