/sathyam/media/media_files/2026/01/30/untitled-2026-01-30-13-29-19.jpg)
ഒട്ടാവ: കാനഡയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കന്‍ കമ്പനിയായ ഗള്‍ഫ്‌സ്ട്രീം എയ്റോസ്പേസിന്റെ വിമാനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാനഡ വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായുള്ള ട്രംപിന്റെ പോര് ഇതോടെ ഒരു പൂര്‍ണ്ണ വ്യാപാര യുദ്ധമായി മാറിയിരിക്കുകയാണ്.
അമേരിക്കന്‍ ബിസിനസ് ജെറ്റുകളായ ഗള്‍ഫ്‌സ്ട്രീം 500, 600, 700, 800 എന്നിവയ്ക്ക് കാനഡ അംഗീകാരം നല്‍കാത്തത് നിയമവിരുദ്ധമാണെന്ന് ട്രംപ് ആരോപിച്ചു. ഇതിന് മറുപടിയായി കാനഡയുടെ ഏറ്റവും വലിയ വിമാന നിര്‍മ്മാതാക്കളായ ബോംബാര്‍ഡിയറിന്റെ വിമാനങ്ങള്‍ക്കുള്ള അമേരിക്കന്‍ അംഗീകാരം റദ്ദാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഈ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കാനഡയില്‍ നിന്ന് അമേരിക്കയില്‍ വില്‍ക്കുന്ന എല്ലാ വിമാനങ്ങള്‍ക്കും 50 ശതമാനം അധിക നികുതി ചുമത്തുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയത്.
ചൈനയുമായി കാനഡ വ്യാപാര ബന്ധം ശക്തമാക്കുന്നതിനെതിരെ നേരത്തെ തന്നെ ട്രംപ് രംഗത്തെത്തിയിരുന്നു. ചൈനയുമായുള്ള ഇടപാടുകള്‍ തുടര്‍ന്നാല്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്നും അദ്ദേഹം കഴിഞ്ഞയാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു.
അമേരിക്കന്‍ വിപണി നഷ്ടപ്പെടുന്നത് ക്യൂബെക്ക് ആസ്ഥാനമായുള്ള ബോംബാര്‍ഡിയര്‍ കമ്പനിക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കും.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ഈ തര്‍ക്കം ആഗോള വിമാന വിപണിയെയും വ്യോമഗതാഗതത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധിക്കാനിരിക്കെയാണ് ഈ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us