/sathyam/media/media_files/2024/12/03/N9G7qezRBSHBUcaHlMut.jpg)
ആലപ്പുഴ: ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനുണ്ടായ വൈകല്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തിയ സമഗ്രമായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് മനസ്സിലാക്കുന്നു. വിഷയത്തില്‍ വൈദ്യ ശാസ്ത്രത്തിന്റെ പരിമിതികളോടൊപ്പം മാനുഷിക വശങ്ങളും മനസിലാക്കി സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നിലപാടുകളെ കെ.ജി.എം.ഒ.എ. അങ്ങേയറ്റം ബഹുമാനിക്കുന്നു.
അതേസമയം വിഷയം സംബന്ധിച്ച് വരുന്ന ചില വാര്‍ത്തകളില്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ സാധ്യതയുള്ള കാര്യങ്ങള്‍ കടന്നുകൂടുന്നു. അത് ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം സംഘടനയ്ക്കുണ്ട്. ആലപ്പുഴ കടപ്പുറം ആശുപത്രി അടക്കം പ്രസവം നടക്കുന്ന ആശുപത്രികളില്‍ ലഭ്യമായ സ്‌കാനിംഗ് മെഷിന്‍ ഉപയോഗിക്കാന്‍ ഗൈനക്കോളജിസ്റ്റുകള്‍ തയാറാവാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്.
എം.ബി.ബി.എസ്. പഠനശേഷം മൂന്നുവര്‍ഷം റേഡിയോ ഡയഗ്‌നോസിസ് എന്ന സ്‌പെഷ്യാലിറ്റിയില്‍ ഉപരിപഠനം നടത്തിയ ഡോക്ടര്‍മാരാണ് ആധികാരികമായി സ്‌കാനിങ് പരിശോധന നടത്തേണ്ടതും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കേണ്ടതും.
അതില്‍ ഗൈനക്കോളജിസ്റ്റുകള്‍ക്ക് വൈദഗ്ധ്യവുമില്ല. അത് അവരുടെ ഉത്തരവാദിത്തവുമല്ല. ആരോഗ്യവകുപ്പിന് കീഴിലുള്ള മിക്ക പ്രധാന ആശുപത്രികളിലും ഇന്ന് അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷിന്‍ ഉണ്ട്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമാണ് റേഡിയോ ഡയഗ്‌നോസിസ് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികയുള്ളത്.
സ്‌കാനിങ് പരിശോധന വളരെ അത്യാവശ്യമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലടക്കം ഇതാണ് സാഹചര്യം. ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്താനായി ചെയ്യേണ്ട ലവല്‍ 2 അള്‍ട്ര സൗണ്ട് സ്‌കാനിങ്ങ് നടത്തേണ്ടത് ഫീറ്റല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച ഗൈനക്കോളജിസ്റ്റുമാരോ റേഡിയോ ഡയഗ്‌നോസ്റ്റീഷ്യന്‍സോ ആണ്. വളരെ സൂക്ഷ്മമായി മണിക്കൂറുകള്‍ ചെലവിട്ട് ചെയ്യുന്ന പരിശോധനയാണ് ഇത്. സര്‍ക്കാര്‍ സംവിധാനത്തില്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ മാത്രമാണ് ഫീറ്റല്‍ മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്.
അതിലും പരിതാപകരമായ വിഷയം ആരോഗ്യ വകുപ്പില്‍ സ്‌പെഷ്യാലിറ്റി കേഡര്‍ 2010ല്‍ നിലവില്‍ വന്നുവെങ്കിലും റേഡിയോളജി എന്ന വിഭാഗത്തില്‍ പരസ്പരം ബന്ധമില്ലാത്ത റേഡിയോ ഡയഗ്‌നോസിസ്, റേഡിയോ തെറാപ്പി എന്നീ രണ്ടു വിഭാഗങ്ങളേയും ഒരുമിച്ചാണ് കണക്കാക്കിയിരുന്നത് എന്നതാണ്.
എം.ആര്‍.ഐ. സ്‌കാന്‍, സി.ടി. സ്‌കാന്‍, യു.എസ്.എസ്. സ്‌കാന്‍ തുടങ്ങിയവ ഒക്കെ ചെയ്യുന്ന റേഡിയോ ഡയഗ്‌നോസിസ് വിഭാഗവും അര്‍ബുദ ചികിത്സയില്‍ റേഡിയേഷന്‍ കീമോതെറാപ്പി എന്നിവ നല്‍കുന്നതിനായി പരിശീലനം സിദ്ധിച്ചവരുടെ വിഭാഗമായ റേഡിയോ തെറാപ്പി വിഭാഗവും ഒരൊറ്റ സ്‌പെഷ്യാലിറ്റി ആയാണ് കണക്കാക്കിയിരുന്നത്. ഫലത്തില്‍ സി.ടി.സ്‌കാന്‍ ചെയ്യുന്ന ഡോക്ടര്‍ സ്ഥലം മാറ്റം ലഭിച്ച് അടുത്ത ആശുപത്രിയില്‍ എത്തുമ്പോള്‍ അവിടെ ഉണ്ടാവുക സി.ടി.സ്‌കാന്‍ ഉപകരണത്തിനു പകരം അര്‍ബുദ ചികിത്സയ്ക്ക് റേഡിയേഷന്‍ നല്‍കുന്ന ഉപകരണങ്ങളാകും.
റേഡിയോ ഡയഗ്‌നോസിസ്, റേഡിയോതെറാപ്പി ബൈഫര്‍കേഷന്‍ നടപ്പാക്കാന്‍ കെ.ജി.എം.ഒ.എ. നടത്തിയ നിരന്തര ശ്രമങ്ങളാണ് 2021ല്‍ സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഉത്തരവായത്. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത് കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. വിഷയത്തില്‍ പല തവണ അധികൃതര്‍ക്ക് കത്തുകള്‍ നല്‍കിയെങ്കിലും ഇതേ വരെ ഇതിന് പരിഹാരമുണ്ടായില്ല.
പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും റേഡിയോ ഡയഗോസിസ് വിദഗ്ധന്റെ പൂര്‍ണസമയ പോസ്റ്റ് സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നിലവാരമുള്ള ചികിത്സ ഗര്‍ഭിണികള്‍ക്ക് ഉറപ്പാക്കാന്‍ കഴിയൂ. അതു പോലെ ജില്ല ജനറല്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ വിദഗ്ദന്റെയും റേഡിയോ ഡയഗോസിസ് വിദഗ്ധന്റെയും സേവനവും ഉറപ്പു വരുത്തേണ്ടതുണ്ട്.
കെട്ടിട സമുച്ചയങ്ങളും, നൂതന ഉപകരണങ്ങളും വര്‍ധിക്കുന്നതോടൊപ്പം ഓരോ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദഗ്ധ്യം സിദ്ധിച്ച ജീവനക്കാര്‍ കൂടി ആശുപത്രികളില്‍ ഉണ്ടാകേണ്ടതുണ്ട്. കടുത്ത മാനവ വിഭവശേഷിക്കുറവ് നേരിട്ടു കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പില്‍ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള ചികിത്സ നല്‍കാനാകല്ലെന്ന യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണമെന്ന് കെ.ജി.എം.ഒ.എ. അഭ്യര്‍ത്ഥിക്കുന്നു.
- ഡോ: ടി.എന്‍. സുരേഷ് പ്രസിഡന്റ്, ഡോ: സുനില്‍ പി.കെ. ജനറല്‍ സെക്രട്ടറി കെ.ജി.എം.ഒ.എ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us