ചേര്‍ത്തലയില്‍ നാലു വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത് മൂന്നു വര്‍ഷം; മധ്യവയസ്‌കന് 110 വര്‍ഷം തടവ്

മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ(62)യാണ് ശിക്ഷിച്ചത്.

New Update
4242424

ചേര്‍ത്തല: നാലു വയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം രൂപ പിഴയും വിധിച്ചു.

Advertisment

മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ(62)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) വിവിധ വകുപ്പുകളിലായി 110 വര്‍ഷം തടവു വിധിച്ചത്. പിഴയടയ്ക്കാത്തപക്ഷം മൂന്നുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 

2019ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞ് 2021ലാണ്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കുട്ടിയെ പോലീസ് പിടിക്കുമെന്നായിരുന്നു ഭീഷണി. 

2021ല്‍ കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ അമ്മയെയും പോലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചത്. കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടും ആരോടും പറയാതെ മറച്ചുവച്ച പ്രതിയുടെ ഭാര്യയും കേസില്‍ പ്രതിയായിരുന്നു. എന്നാല്‍, വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെത്തുടര്‍ന്ന് കേസ് വിഭജിച്ചു നടത്തുകയായിരുന്നു. 

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 29 സാക്ഷികളെയും 28 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീനാ കാര്‍ത്തികേയന്‍, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.

Advertisment