/sathyam/media/media_files/2025/03/28/qhsVc7YPwXKXUnV85icV.jpg)
പെരിന്തല്‍മണ്ണ: ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും കോടികള്‍ തട്ടിയ പ്രതികള്‍ക്ക്് ഏഴുവര്‍ഷം തടവ് ശിക്ഷ വിധിച്ച് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് കെ.എന്‍. ആശ.
അങ്ങാടിപ്പുറം സ്വദേശികളായ ഇരുമ്പനക്കല്‍ അസീസ്, കായലും വക്കത്ത് ഉബൈദുള്ള, കടലുണ്ടി സേതുമാധവന്‍, തെക്കാനത്ത് ഷാജി വര്‍ഗീസ് എന്നിവരെയാണ് ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 419 പ്രകാരം ഒരു വര്‍ഷവും 420 പ്രകാരം മൂന്ന് വര്‍ഷവും 10000 രൂപ പിഴയും 465 പ്രകാരം ആറ് മാസവും 468 പ്രകാരം രണ്ട് വര്‍ഷവും 10000 രൂപ പിഴയും 471 പ്രകാരം ആറ് മാസവും അടക്കം ഏഴ് വര്‍ഷമാണ് തടവ് ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
കോഴിക്കോട് ഫറൂഖ് ബസ് സ്റ്റാന്‍ഡിനടുത്ത് പ്രണവം ടെക്‌സ്‌റ്റൈല്‍സ് നടത്തിയിരുന്ന ശശിധരന്റെ പരാതിയിലാണ് നടപടി. പ്രതികള്‍ ബാലുശേരിയില്‍ 5.39 ഏക്കര്‍ വസ്തു മാറ്റക്കച്ചവടം എന്ന വ്യാജേന തങ്ങളുടേതല്ലാത്ത വസ്തുവിന്റെ ആധാരത്തിന്റെ കോപ്പിയും വ്യാജമായി ഉണ്ടാക്കിയ എഗ്രിമെന്റും കാണിച്ച് പരാതിക്കാരന്റെ കടയ്ക്ക് മൂന്ന് കോടി രൂപ വില നിശ്ചയിക്കുകയായിരുന്നു.
തുടര്‍ന്ന് ബാലുശേരിയിലെ പ്രതികളുടെ അല്ലാത്ത ഭൂമിക്ക് നാല് കോടി 40 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ഇതുപ്രകാരം പരാതിക്കാരനില്‍ നിന്ന് കട ഏറ്റെടുത്തു നടത്തി. എഗ്രിമെന്റ് പ്രകാരം ലഭിക്കേണ്ട രണ്ട് കോടിയോളം രൂപ കൈമാറിയില്ല.
ഇതിനിടെ ഒന്നാംപ്രതിയുടെ മേല്‍വിലാസം മാറ്റി മറ്റൊരു പേരില്‍ എഗ്രിമെന്റ് വച്ചും പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു. പരാതിക്കാര്‍ക്ക് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. നവാബ്ഖാന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 18 സാക്ഷികളെയും 24 രേഖകളും കോടതിയില്‍ ഹാജരാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us