/sathyam/media/media_files/2025/04/19/TMgiujll2jLmWp0FBRnk.jpg)
കോഴിക്കോട്: മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാണ് കോണ്‍ഗ്രസ് നടത്തുന്ന പൊതുയോഗങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും വേദി. തുടക്കം മുതല്‍ ഒടുക്കം വരെ തിങ്ങിനിറഞ്ഞതാണ് കോണ്‍ഗ്രസ് വേദി എന്നതാണ് അവയുടെ പ്രത്യേകത.
സ്റ്റേജില്‍ ഇരിപ്പിടം കിട്ടാന്‍ മത്സരിക്കുന്ന നേതാക്കളുടെ കാഴ്ച്ച കോണ്‍ഗ്രസ് വേദികളില്‍ നിത്യ സംഭവവുമാണ്. ഏറ്റവുമൊടുവില്‍ കോഴിക്കോട് ഡി.സി.സി. ഓഫീസ് ഉദ്ഘാടനച്ചടങ്ങിനിടെ മുന്‍ നിരയില്‍ നില്‍ക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ നടത്തിയ 'ഉന്തും തള്ളും ' വീഡിയോ സഹിതം പ്രചരിക്കുകയും വന്‍ ട്രോളുകള്‍ക്ക് വഴി വെക്കുകയൂം ചെയ്ത സംഭവം വലിയ അവമതിപ്പാണ് പാര്‍ട്ടിക്കുണ്ടാക്കിയതെന്ന വിലയിരുത്തലിലാണ് നേതൃത്വം.
മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ വിശിഷ്ടാതിഥികള്‍ പിന്നിലാകുകയും മറ്റുള്ളവര്‍ മുന്ണിലേക്ക് തള്ളിക്കയറിനിന്ന് ബലം പിടിക്കുന്നതുമായിരുന്നു കോഴിക്കോട് ഡി.സി.സി. ഓഫീസ് നാട മുറിക്കലിനിടെയുണ്ടായത്. ഉദ്ഘാടകനായ കെ.സി. വേണുഗോപാല്‍ ഈ സംഭവത്തില്‍ കടുത്ത നീരസത്തിലായിരുന്നു.
ഈ സാഹചര്യത്തില്‍, ഇത്തരം തെറ്റായ പ്രവണതകളെ തിരുത്താന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിയുടെ പൊതു പരിപാടികളില്‍ ഇനി മുതല്‍ പെരുമാറ്റച്ചട്ടം നടപ്പാക്കാനാണ് നീക്കം. ഏത് ഘടകത്തിലെ പരിപാടികളായാലും വേദിയില്‍ ആര്‍ക്കെല്ലാം ഇരിപ്പിടം നല്‍കണമെന്ന് പ്രോട്ടോകോള്‍ പ്രകാരം തീരുമാനിക്കും. നോട്ടീസില്‍ പേരില്ലെങ്കില്‍ ഇരിപ്പിടവുമില്ല.
പൊതു പരിപാടിയില്‍ മുന്‍നിരയില്‍ വരേണ്ടവരുടെ പട്ടിക ഡി.സി.സി. നിശ്ചയിച്ച് അറിയിക്കും. വേദിയില്‍ ഇരിപ്പിടം കിട്ടാത്തവര്‍ക്ക് സദസില്‍ മുന്‍ നിരയില്‍ സീറ്റ് ഉറപ്പിക്കാനും പെരുമാറ്റച്ചട്ടം പാലിക്കാനും സേവാദള്‍ പ്രവര്‍ത്തകരെ നിയോഗിക്കുമെന്നുമാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us