കോട്ടയം: അപകടാവസ്ഥയില്‍ റോഡരികല്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍. അയര്‍ക്കുന്നം ഡി.ഡി.ആര്‍.സിക്കു മുന്നില്‍ റോഡിനു സമീപമുള്ള വലിയ മരം അപകടാവസ്ഥയിലാണ് നില്‍ക്കുന്നത്.
കൂറ്റന്‍ മരത്തിന്റെ ശിഖരങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണുള്ളത്. ഞീഴൂര്‍ ജങ്ഷനിലുമുണ്ട് ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ വാകമരം. അപകട ഭീഷണിയുണ്ടാക്കുന്ന മരങ്ങള്‍ വെട്ടി മാറ്റണമെന്ന് ആവശ്യം ശക്തമാകുന്നു.
100 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ളതാണു ജങ്ഷനില്‍ നില്‍ക്കുന്ന വാകമരം. ഓരോ വര്‍ഷം ചൊല്ലും തോറും വാകമരം കവലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം ഭീഷണിയായി മാറുകയാണ്. ജങ്ഷനില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളാണു പ്രവര്‍ത്തിക്കുന്നത്.
മരത്തിന്റെ വലിയ ശിഖരങ്ങള്‍ സമീപമുള്ള കെട്ടിടത്തിനു മുകളിലേക്കാണു ചാഞ്ഞു നില്‍ക്കുന്നത്. മരത്തിന്റെ ദ്രവിച്ച കമ്പുകള്‍ വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്കും റോഡിലേക്കും വീഴുന്നതു പതിവാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മരം വെട്ടി മാറ്റണമെന്നാവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പിനു പരാതി നല്‍കിയിരുന്നു.
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ മരത്തിന് അടിയില്‍ ഭയത്തോടെയാണു വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. അടിയന്തരമായി മരം മുറിച്ചു മാറ്റാനുള്ള നടപടിക്രമങ്ങള്‍ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നു വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.