കേരള എ ഐ മിഷൻ, 5 ലക്ഷം തൊഴിൽ, രാജ്യത്തെ ഐടി കയറ്റുമതിയുടെ 10 ശതമാനം ലക്ഷ്യം. ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സ്കൂളുകളിൽ ഡിജിറ്റൽ പാഠങ്ങൾ. 25 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ പരിശീലനം. കൂടുതൽ നഗരങ്ങളിൽ ഐടി പാർക്കുകൾ.  ബഹിരാകാശ സാങ്കേതിക മേഖലയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും

New Update
pinarayi ai

തിരുവനന്തപുരം: രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10 ശതമാനം വിഹിതമെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള 2026-ലെ ഐടി നയത്തിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.

Advertisment

ഐടിയിലും അനുബന്ധ മേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തുക, സമഗ്രമായ സൈബർ സുരക്ഷാ നിയമം രൂപീകരിക്കുക എന്നിവയും പുതിയ നയത്തിന്‍റെ ഭാഗമാണ്.


ഐടി നയരൂപീകരണത്തിനായി സർക്കാർ സമിതി രൂപീകരിച്ച് പൊതുജനാഭിപ്രായം തേടിയിരുന്നു.



സ്വകാര്യ പങ്കാളിത്തത്തിലൂടെയും വികേന്ദ്രീകൃത വളർച്ചയിലൂടെയും സംസ്ഥാനത്തെ ഐടി സ്ഥലലഭ്യത മൂന്നിരട്ടിയാക്കാനാണ് നയത്തിൽ ലക്ഷ്യമിടുന്നത്.

maxresdefault (9)

ഫൈബർ ഓപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി സംസ്ഥാനത്തെ എല്ലാ വീടുകളിലും 100 ശതമാനം ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കും.

ഇതിലൂടെ ഐപി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കും. ബഹിരാകാശം, പ്രതിരോധം, ഇലക്ട്രോണിക്സ്, നിർമ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, ജെനോമിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 5-10 ശതമാനം വിഹിതം നേടാനും നയം വിഭാവനം ചെയ്യുന്നു.


സർക്കാർ ഇ-സേവനങ്ങൾക്കായി എന്‍റർപ്രൈസ് ആർക്കിടെക്ചർ മുഖേന എല്ലാ പൗരകേന്ദ്രീകൃത സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാൻ ഏക ഉപയോക്തൃ ഇന്‍റർഫേസ് സജ്ജമാക്കും.


ഡാറ്റയുടെയും പുതിയ സാങ്കേതികവിദ്യകളുടെയും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിനായി ഒരു ചട്ടക്കൂട് നടപ്പിലാക്കും. കൂടുതൽ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകൾ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളാക്കി മാറ്റും.

Kerala Tourism to extensively use AI to help tourists

ഡാറ്റാധിഷ്ഠിത സൊല്യൂഷൻ കമ്പനികൾ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമായി സംസ്ഥാനത്തിന്‍റെ നിയന്ത്രണത്തിലുള്ള ഡാറ്റാ സങ്കേതങ്ങൾ സൃഷ്ടിക്കും.

സ്വതന്ത്രമായ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളും ഹാർഡ്‌വെയറുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക സംരംഭങ്ങൾക്ക് പിന്തുണ നൽകും.


സംസ്ഥാനത്തെ ഐടി മേഖലയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സാഹചര്യം (സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡറുകൾ) പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഡാറ്റാ സ്വകാര്യത ഉറപ്പാക്കുന്ന സംവിധാനങ്ങളും നിയമചട്ടക്കൂടുകളും സൃഷ്ടിക്കും.


ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 25 ലക്ഷം വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകും.

ഡാറ്റ ഒരിടത്ത് മാത്രം ശേഖരിച്ച് ആവശ്യമായ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും ലഭ്യമാക്കുന്നതിനുള്ള എപിഐ സൗകര്യം ഒരുക്കും.

ഗ്ലോബൽ കേപ്പബിലിറ്റി സെന്‍ററുകൾ കൊണ്ടുവരുന്നതിനൊപ്പം കൂടുതൽ ഐടി പാർക്കുകൾ സൃഷ്ടിക്കാൻ ലാന്‍റ് പൂളിങ് സംവിധാനം നടപ്പാക്കും.


തൊഴിൽ നിയമങ്ങൾ ലളിതമാക്കി പുതിയ നഗരപ്രദേശങ്ങളിലേക്ക് ഐടി പാർക്കുകളിലെ 'പ്ലഗ് ആൻഡ് പ്ലേ' വർക്ക് സ്പേസ് വിപുലീകരിക്കും.


ഐടി പാർക്കുകളുടെ സുഗമമായ പ്രവർത്തനത്തിനും പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവ നേരിടുന്നതിനുമായി 'ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്' സ്ഥാപിക്കും.

സ്റ്റാർട്ടപ്പുകൾക്കായി കോ-വർക്കിങ് സൗകര്യങ്ങൾ, ഏഞ്ചൽ നെറ്റ്‌വർക്കുകൾ, മൈക്രോ വെഞ്ച്വർ ക്യാപിറ്റൽ ട്രാൻസ്ലേഷൻ സെന്‍ററുകൾ എന്നിവ സ്ഥാപിക്കും. 

Kerala unveils first AI teacher in TVM school

സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുന്നതിന് ബൗദ്ധികസ്വത്തവകാശം നേടുന്നതിൽ നയം പ്രത്യേക ഊന്നൽ നൽകുന്നു. ഇതിനായി പ്രത്യേക സാങ്കേതികവിദ്യാ മിഷനുകൾക്ക് രൂപം നൽകും.

കേരള ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ മിഷൻ, കേരള എഐ മിഷൻ, കേരള ഫ്യൂച്ചർ ടെക് മിഷൻ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മിഷൻ എന്നിവ ഇതിനായി രൂപീകരിക്കും.

ബഹിരാകാശ സാങ്കേതിക മേഖലയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്നുതും നയത്തിന്‍റെ പ്രത്യേകതയാണ്.

Advertisment