നിയമസഭാ തിരഞ്ഞെടുപ്പ്. ഹരിപ്പാട് സീറ്റ് ലക്ഷ്യം വെച്ചുള്ള കരുനീക്കങ്ങൾക്ക് തുടക്കം. സിപിഐ യുവജന സംഘടനാ നേതാവ് അജി കുമാറിനെതിരെ ആരോപണങ്ങൾ ചമച്ച് ഒരുക്കൂട്ടർ. ഹരിപ്പാട് സീറ്റിൽ കണ്ണുവെച്ച് പാർട്ടിയിൽ പിടിവലി രൂക്ഷം

അനധികൃത സ്വത്ത് സമ്പാദനത്തിൻ്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജി കുമാറിന് എതിരെ സിപിഐ അച്ചടക്ക നടപടി എടുത്തെന്ന പേരിൽ വരുന്ന വാർത്ത സത്യ വിരുദ്ധമാണെന്നാണ് ജില്ലാ സെക്രട്ടറിയുടെ പത്ര പ്രസ്താവന. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
cpi aji kumar

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തോളം സമയമുണ്ടെന്നിരിക്കെ സീറ്റ് ഉറപ്പിക്കുക ലക്ഷ്യമിട്ട് സിപിഐയിൽ കരുനീക്കങ്ങൾ ശക്തമായി. പാർട്ടി സമ്മേളനങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടന്നത് കണക്കിലെടുത്ത് അസംബ്ലി സീറ്റ് ലഭിക്കാൻ സാധ്യതയുള്ളവരെ നേരിട്ട് വെട്ടി നിരത്താനാണ് ശ്രമം. 

Advertisment

ജില്ലയിൽ പാർട്ടി മത്സരിക്കുന്ന ഹരിപ്പാട് സീറ്റ് ലക്ഷ്യം വെച്ചുള്ള നീക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധിക്കെതിരെ ആരോപണങ്ങൾ പടച്ചു വിടുന്നതിൽ വരെ എത്തി.


കായംകുളം സ്വദേശിയും സാമുദായിക ഘടകങ്ങൾ പ്രകാരം ഹരിപ്പാട് സ്ഥാനാർഥിയായി പരിഗണിക്കുന്നതിന് സാധ്യതയുള്ള ആളുമായ എ.അജികുമാറിന് എതിരെയാണ് ആരോപണം ചമച്ച് വിടുന്നത്. 


ഹരിപ്പാട് സീറ്റിൽ നോട്ടമുള്ള സിപിഐ യുവജന സംഘടനാ നേതാവാണ് അജി കുമാറിന് എതിരായ നീക്കങ്ങൾക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്. നേരത്തെ ചേർത്തല സീറ്റ് ലക്ഷ്യമിട്ടിരുന്ന ഈ യുവ നേതാവ്, അവിടെ മന്ത്രി പി.പ്രസാദ് ഒരിക്കൽ കൂടി മത്സരിക്കുമെന്ന് ഉറപ്പായപ്പോഴാണ് തോറ്റ ഹരിപ്പാട് ലക്ഷ്യം വെച്ച് നീക്കങ്ങൾ തുടങ്ങിയത്. 

ഹരിപ്പാട് മണ്ഡലത്തിൽ നിരന്തരം പരിപാടികളിൽ പങ്കെടുക്കുകയും പ്രാദേശിക മാധ്യമങ്ങളിലും പത്രങ്ങളുടെ പ്രാദേശിക പേജുകളിലും നിറഞ്ഞ് നിൽക്കുകയും ചെയ്യുന്നതിന് ഒപ്പമാണ് സീറ്റിനായി പരിഗണിക്കാൻ സാധ്യതയുള്ള മറ്റ് നേതാക്കളെ ഒതുക്കാനും പണി തുടങ്ങിയത്. 


വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ പാർട്ടി തലത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന വിവരം നൽകി ആദ്യം ഒരു ചാനലിൽ വാർത്ത നൽകുയാണ് ഉണ്ടായത്. 


വാർത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പത്രകുറിപ്പ് നൽകിയിരുന്നു. അത് കഴിഞ്ഞ് ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഇതേ വാർത്ത മറ്റൊരു ചാനലിൽ കൂടി പ്രത്യക്ഷപ്പെട്ടു. ഈ വാർത്തക്ക് പിന്നാലെയും ജില്ലാ സെക്രട്ടറി നിഷേധ കുറിപ്പ് ഇറക്കി. 

അനധികൃത സ്വത്ത് സമ്പാദനത്തിൻ്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജി കുമാറിന് എതിരെ സിപിഐ അച്ചടക്ക നടപടി എടുത്തെന്ന പേരിൽ വരുന്ന വാർത്ത സത്യ വിരുദ്ധമാണെന്നാണ് ജില്ലാ സെക്രട്ടറിയുടെ പത്ര പ്രസ്താവന. 


അജി കുമാറിന് എതിരെ പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അത്തരം റിപോർട്ടുകൾ ജില്ലാ കൗൺസിൽ ചർച്ച ചെയ്തിട്ടില്ല എന്നും ആഞ്ചലോസിൻ്റെ പത്ര കുറിപ്പിൽ പറയുന്നുണ്ട്.


ദേവസ്വം ബോർഡ് അംഗത്തിനെതിരായ വാർത്തക്ക് പിന്നിൽ ഹരിപ്പാട് സീറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് എന്നതും വെളിപ്പെട്ടു.

ഇതോടെയാണ് ഹരിപ്പാട് സീറ്റിൽ കണ്ണുവെച്ച് പാർട്ടിയിൽ പിടിവലി രൂക്ഷമാണെന്ന വിവരം പുറത്തായത്. യുവ നേതാവ് തന്നെയാണ് മാധ്യമ പ്രവർത്തകരെ വിളിച്ച് വിവരം കൈമാറുകയും വാർത്ത നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തത് എന്ന് പാർട്ടി നേതൃത്വത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. 

സത്യവുമായി ബന്ധമില്ലാത്ത വാർത്തകൾ നിരന്തരം വരുന്നത് പാർട്ടി സംസ്ഥാന നേതൃത്വം ഗൗരമായി എടുത്തു കഴിഞ്ഞു.


ഏപ്രിൽ രണ്ടാം വാരം നടക്കുന്ന സംസ്ഥാന കൗൺസിലിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള പ്രവണതകളാണ് അടുത്ത കാലത്തായി ആവർത്തിക്കുന്നത്.


പാർട്ടിയെ സംഘടനാ രീതിക്ക് അനുസരിച്ച് നയിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് കഴിയാത്തതാണ് ഇത്തരം രീതികൾ നിരന്തരം ഉണ്ടാകാൻ കാരണമെന്ന വിമർശനവും സിപിഐയിലുണ്ട്. 

ആലപ്പുഴയിലെ പാർട്ടിയുടെ ജില്ലാ നേതൃത്വത്തിലുളള വിഭാഗീയതയും ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ഹരിപ്പാട് സീറ്റ് ആഗ്രഹിക്കുന്ന യുവ നേതാവിന് ഒപ്പം ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരിൽ ഒരാളും ഉള്ളതാണ് ഗ്രൂപ്പ് പോരിലേക്ക് സംശയം നീളാൻ കാരണം.


വീടിനടുത്ത് സ്ഥലം വാങ്ങിയതാണ് ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് എതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് കാരണമായി പറയുന്നത്. 


സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഭാര്യാ മാതാവിൻ്റെ സ്വത്ത് ഉപയോഗിച്ചാണ് ഭൂമി വാങ്ങിയത് എന്നാണ് അജി കുമാർ പാർട്ടിക്ക് നൽകിയ വിശദീകരണം. 1991 മുതൽ സിപിഐയുടെ മണ്ഡലം ജില്ലാ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അജി കുമാർ മികച്ച പ്രതിഛായയുള്ള നേതാവാണ്. 

കായംകുളം ബാർ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അജി കുമാർ രണ്ട് തവണ കായംകുളം നഗരസഭയുടെ കൗൺസിലറും 3 തവണ കേരള സർവകലാശാല സെനറ്റ് അംഗവും ഒരു തവണ സിൻഡിക്കേറ്റ് അംഗവുമായുന്നു. 

സിൻഡിക്കേറ്റ് അംഗത്വം ഒഴിഞ്ഞ ശേഷമാണ് ദേവസ്വം ബോർഡ് അംഗമായി നിയമിതനായത്.   അജി കുമാറിനെ കാനം രാജേന്ദ്രൻ മുൻകൈ എടുത്താണ് ദേവസ്വം ബോർഡിൽ നിയമിച്ചത്.


 

Advertisment