/sathyam/media/media_files/qVRKwiu1oz4D8kCIxgpJ.jpg)
കണ്ണൂർ: കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് 12.91 ലക്ഷം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേരും റിമാൻഡിൽ. എറണാകുളത്തുവെച്ചാണ് ആലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ (23), തൃശ്ശൂർ സ്വദേശി ജിതിൻ ദാസ് (20) എന്നിവരെ കഴിഞ്ഞദിവസം ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
കണ്ണൂർ ചാലാട് സ്വദേശിയായ പ്രവാസിയുടെ പണമാണ് സിബിഐ ഓഫീസറെന്ന വ്യാജേന പ്രതികൾ തട്ടിയെടുത്തത്. സിബിഐ ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് പരിചയപ്പെടുത്തിയാണ് ഇവർ പ്രവാസിയെ ബന്ധപ്പെട്ടത്.
പൊലീസ് ഓഫീസറുടെ വേഷമണിഞ്ഞ് വീഡിയോ കോളിൽ എത്തിയ പ്രതികൾ വെർച്വൽ അറസ്റ്റുണ്ടാകുമെന്നും അത് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചുകൊടുത്തു. പണം ലഭിച്ചതോടെ ഇവർ ഫോൺ ഓഫാക്കി മുങ്ങിയെന്നാണ് കേസ്. പിടിയിലായ പ്രതികൾക്ക് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us