കോഴിക്കോട്ട് ലഹരി വിൽപ്പനയുടെ വിവരമറിഞ്ഞെത്തിയ എക്സൈസ് ബ്രൗൺഷുഗർ കണ്ടെത്തിയത് അസം സ്വദേശികളുടെ മുറിയിലെ അരിപ്പാത്രത്തിൽ നിന്ന്; സ്ഥലത്തില്ലാതിരുന്ന അസം ദമ്പതിമാരെ നാട്ടുകാർ പിടികൂടി എക്സൈസിനെ ഏൽപ്പിച്ചത് തന്ത്രപൂർവ്വം. മറുനാടൻ തൊഴിലാളികൾക്കിടയിൽ രാസ ലഹരിയുടെ വ്യാപനം

കോഴിക്കോട് കാരശ്ശേരിയിൽ വാടക ക്വാർട്ടേഴ്സിൽ വെച്ച് അസം സ്വദേശികളായ ദമ്പതിമാരെ ബ്രൗൺഷുഗറുമായി കസ്റ്റഡിയിലെടുത്തത് കഴിഞ്ഞ ദിവസമാണ്

New Update
excise1

കോഴിക്കോട്: കേരളമാകെ മയക്കു മരുന്ന് ഇടപാടിനും ഉപയോഗത്തിനുമെതിരെ പോലീസും എക്സൈസും നടപടികൾ കർശനമാക്കിയിരിക്കുകയാണ്. സിന്തറ്റിക് ലഹരിയുടെ വില്പനയ്ക്കും ഉപയോഗത്തിനുമായി കേരളത്തിൽ താമസിക്കുന്ന മറുനാടൻ തൊഴിലാളികൾക്കിടയിൽ പ്രത്യേക സംഘങ്ങൾ തന്നെ വ്യാപകമായിട്ടുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം. 

Advertisment

കോഴിക്കോട് കാരശ്ശേരിയിൽ വാടക ക്വാർട്ടേഴ്സിൽ വെച്ച് അസം സ്വദേശികളായ ദമ്പതിമാരെ ബ്രൗൺഷുഗറുമായി കസ്റ്റഡിയിലെടുത്തത് കഴിഞ്ഞ ദിവസമാണ്. വീട്ടിലെ അരിപ്പാത്രത്തിൽ പൂഴ്ത്തിവെച്ച നിലയിലായിരുന്നു ബ്രൗൺഷുഗർ എക്സൈസ് കണ്ടെത്തിയത്. തന്ത്രപൂർവ്വമാണ് ഇവരെ പിടികൂടിയത്. ആഷിഖ്, ഭാര്യ ജുസ്ന ബീഗം എന്നിവരാണ് പിടിയിലായത്


ശനിയാഴ്ച്ച എക്സൈസ്   താമസസ്ഥലത്ത് എത്തിയപ്പോൾ  ഇവരുടെ മുറി  പൂട്ടിയ നിലയിലായിരുന്നു. കെട്ടിട ഉടമയുടെ സാന്നിധ്യത്തിൽ മുറിയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന അധികൃതർ പരിശോധന നടത്തുകയും അരിപ്പാത്രത്തിൽ സൂക്ഷിച്ചു വെച്ച ബ്രൗൺഷുഗർ കണ്ടെത്തുകയുമായിരുന്നു.  

police and excise

ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനുള്ള ഫോയില്‍ പേപ്പറുകളും കണ്ടെത്തി.  തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി.ദമ്പതിമാർ തിരിച്ചെത്തിയാൽ വിവരമറിയിക്കാനും കെട്ടിട ഉടമയോട് ആവശ്യപ്പെട്ടിരുന്നു.


അല്പസമയത്തിനു ശേഷം ഓട്ടോറിക്ഷയിൽ താമസ സ്ഥലത്ത് എത്തിയ ദമ്പതിമാരെ നാട്ടുകാർ തന്ത്രപൂർവ്വം മുറിയിൽ പൂട്ടിയിടുകയും എക്സൈസിനെ വിവരമറിയിക്കുകയും ചെയ്തു. 


മറുനാടൻ തൊഴിലാളികൾക്ക് പുറമെ നാട്ടുകാരിൽ ചിലരും ഇവിടെ മയക്കു മരുന്നിനായി എത്തുന്നുണ്ടെന്നും സ്ത്രീകളും സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നത് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

റഫീക്ക് എന്ന മാധ്യമപ്രവർത്തകനാണ് ഇവിടെയുള്ള  മയക്കുമരുന്ന് ഇടപാട് രഹസ്യമായി ക്യാമറയിൽ പകർത്തി എക്സൈസിനെ വിവരമറിയിച്ചത്.

Advertisment