കെ-സ്വിഫ്റ്റ് വഴി രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങള്‍ക്ക് താല്ക്കാലിക കെട്ടിട നമ്പര്‍ ലഭിക്കും

New Update
ksid
തിരുവനന്തപുരം: കെ-സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് - ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സ്) https://kswift.kerala.gov.in/index/ പ്ലാറ്റ് ഫോം വഴി രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങള്‍ക്ക് താല്ക്കാലിക കെട്ടിട നമ്പറുകള്‍ ഉടന്‍ ലഭ്യമാകും.
Advertisment

പുതിയ സംരംഭകര്‍ക്ക് ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ താല്ക്കാലിക കെട്ടിട നമ്പറുകള്‍ നല്കുന്നതിലൂടെ സാധിക്കും. സംരംഭകര്‍ക്ക് ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാകണമെങ്കില്‍ കെട്ടിടങ്ങള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ നമ്പര്‍ ആവശ്യമാണ്.

സംരംഭങ്ങള്‍ തുടങ്ങാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനമാണ് കെസ്വിഫ്റ്റ്. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി ക്ലിയറന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ ലഭിക്കാനും ബിസിനസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കെ-സ്വിഫ്റ്റ് വഴി രജിസ്റ്റര്‍ ചെയ്ത 50 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് മൂന്നര വര്‍ഷം വരെ സാധുതയുള്ള താല്ക്കാലിക കെട്ടിട നമ്പറാണ് ലഭിക്കുക. ഈ കാലയളവില്‍ സംരംഭങ്ങള്‍ സ്ഥിരമായ ഒരു കെട്ടിട നമ്പര്‍ നേടണം.  നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി സംസ്ഥാനത്ത് സംരംഭക സൗഹൃദാന്തരീക്ഷം വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.

കെ-സ്വിഫ്റ്റ് വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന അക്നോളജ്മെന്‍റ് സര്‍ട്ടിഫിക്കറ്റിലെ നമ്പറിനെ താല്ക്കാലിക കെട്ടിട നമ്പറായി കണക്കാക്കാം. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) ഒരു നിര്‍ണായക രേഖയാണ് അക്നോളജ്മെന്‍റ് സര്‍ട്ടിഫിക്കറ്റ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 'റെഡ്' വിഭാഗത്തില്‍ പെടുത്തിയിട്ടില്ലാത്ത സംരംഭങ്ങള്‍ക്ക് വിവിധ സംസ്ഥാന നിയമങ്ങള്‍ പ്രകാരം മുന്‍കൂര്‍ അനുമതി നേടാതെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നു.

എംഎസ്എംഇ മുതല്‍ വന്‍കിട വ്യവസായങ്ങള്‍ വരെയുള്ള സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ ലഭ്യമാക്കുന്ന സമഗ്ര ഓണ്‍ലൈന്‍ പോര്‍ട്ടലാണ് കെസ്വിഫ്റ്റ് . പ്രൊഫഷണലുകള്‍, വ്യാപാരികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പുതുസംരംഭകര്‍ എന്നിവര്‍ക്കും കെസ്വിഫ്റ്റ്  ഉപയോഗപ്രദമാണ്.

രജിസ്ട്രേഷനും ലൈസന്‍സിനുമുള്ള അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനും തൊഴില്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 22 ലധികം വകുപ്പുകളില്‍ നിന്നും ബോര്‍ഡുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളും ക്ലിയറന്‍സുകളും നേടുന്നതിനും കെസ്വിഫ്റ്റ് പ്രയോജനപ്പെടുത്താനാകും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയുടെ തത്സമയ ട്രാക്കിംഗ്, സര്‍ട്ടിഫിക്കറ്റുകളുടെ ഡൗണ്‍ലോഡിംഗ്, പരിശോധനകളുടെ ഷെഡ്യൂള്‍ തിരഞ്ഞെടുക്കല്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയും കെസ്വിഫ്റ്റിലൂടെ സാധ്യമാകും.
Advertisment