നിയമസഭാ തിരഞ്ഞെടുപ്പും പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പും കത്തിനിന്നപ്പോൾ വാർത്താ ചാനൽ റേറ്റിങ്ങിൽ കുതിപ്പ്. 96 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത്. റിപോർട്ടർ പതിവുപോലെ രണ്ടാമത്. ‘തമ്മിൽ തമ്മിൽ’ കരുത്തിൽ ട്വൻറിഫോർ മൂന്നാം സ്ഥാനത്ത്. മനോരമ നാലാമതും. അഞ്ചാം സ്ഥാനം പങ്കിട്ട് മാതൃഭൂമിയും ന്യൂസ് മലയാളവും ഒപ്പത്തിനൊപ്പം. പുതിയ ബിഗ് ടിവി വരവോടെ അടിമുടി ഇളകിമറിഞ്ഞ് മാധ്യമരം​ഗം

New Update
sreekanddan nair vinu v john anto augustine

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയാന്തരീക്ഷത്തിന് ചൂടുപിടിച്ചതോടെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കൂടുന്നു.

Advertisment

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിച്ചെന്ന വെളിപ്പെടുത്തൽ അടക്കമുളള വിഷയങ്ങളാണ് വീണ്ടും വാർത്താ ചാനലുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്. ഇന്ന് പുറത്തുവന്ന ചാനൽ റേറ്റിങ്ങിലെ പോയിൻറ് നില പ്രേക്ഷക പങ്കാളിത്തം കൂടിയതിൻെറ നിദർശനമാണ്.


 മലയാളം വാർത്താ ചാനൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റിൻെറ അജയ്യത അരക്കിട്ടുറപ്പിക്കുന്നതാണ് ഇന്ന് റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) പുറത്തുവിട്ട കണക്കുകൾ.


റേറ്റിങ്ങിൻെറ എല്ലാ വിഭാഗങ്ങളിലും ഏഷ്യാനെറ്റിൻെറ മുന്നേറ്റമാണ്. കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 96 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തെത്തിയത്.

പതിവുപോലെ റിപോർട്ടർ ടിവിക്കാണ് രണ്ടാം സ്ഥാനം. 81 പോയിൻറാണ് റിപോർട്ടറിൻെറ സമ്പാദ്യം. ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻനായരുടെ 'തമ്മിൽ തമ്മിൽ' സംവാദ പരിപാടിയുടെ ബലത്തിൽ ട്വൻറി ഫോർ വെല്ലുവിളികളില്ലാതെ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

4ae6493f-45ca-44f2-a7e4-693054942ffa

38 പോയിൻറുമായി മനോരമ ന്യൂസാണ് നാലാം സ്ഥാനത്ത്. എന്നാൽ മാതൃഭൂമി ന്യൂസിൻെറ അഞ്ചാം സ്ഥാനത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ന്യൂസ് മലയാളം 24x7 ഒപ്പത്തിനൊപ്പം എത്തി. ദശാംശ കണക്കിലേക്ക് പോയാൽ കേരള യൂണിവേഴ്സ് വിഭാഗത്തിൽ ന്യൂസ് മലയാളത്തിനാണ് അഞ്ചാം സ്ഥാനം.


പുതിയ വാർത്താ ചാനലായ ബിഗ് ടിവി മലയാളത്തിൻെറ വരവോടെ മലയാളം വാർത്താ ചാനൽ രംഗത്ത് ഉണ്ടായിരിക്കുന്ന ഇളക്കിൻെറ പ്രതിഫലനം കൂടിയാണ് ഈയാഴ്ചത്തെ റേറ്റിങ്ങ്.


എന്നാൽ ബിഗ് ടിവിയുടെ വരവ് കൊണ്ട് ഇളകാതെ നിൽക്കുന്ന ചാനൽ ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ്.കേരളത്തിലെ ആദ്യ സ്വകാര്യ ചാനൽ എന്ന നിലയിൽ പരമ്പരാഗത പ്രേക്ഷക പിന്തുണയുളള ഏഷ്യാനെറ്റ് ന്യൂസ് സർക്കാർ വിരുദ്ധ വാർത്താ സമീപനം കൊണ്ടും കരുത്തോടെ നിൽക്കുകയാണ്.

പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വെട്ടിച്ചത് വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു.അത് സമൂഹത്തിൽ സൃഷ്ടിച്ച ഞെട്ടൽ ഏഷ്യാനെറ്റ് ന്യൂസിൻെറ സ്വീകാര്യത കൂട്ടി.

anto augustine vinu v john sreekandan nair

മുൻ ആഴ്ചയിലേക്കാൾ 3 പോയിൻറ് വർദ്ധിപ്പിച്ചാണ് ഏഷ്യാനെറ്റ് പോയവാരം 96 പോയിൻറിലേക്ക് എത്തിയത്. വാർത്താ ഉളളടക്കം തന്നെയാണ് പ്രേക്ഷക പങ്കാളിത്തം കൂട്ടുക എന്നതിൻെറ ഉത്തമ ഉദാഹരണമാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ ഈ മുന്നേറ്റം.


വാർത്തകളെ കേവലം ഷോ ആയി മാറ്റിയാൽ തുടക്കത്തിൽ ചില്ലറ നേട്ടമൊക്കെ ഉണ്ടായാലും സ്ഥായിയായി നിലനിൽക്കുന്നത് ഉളളടക്കം തന്നെയാണെന്ന് പ്രേക്ഷക സ്വീകാര്യത വ്യക്തമാക്കിത്തരുന്നു.


സുജയ പാർവതിയും ജിമ്മി ജെയിംസും ചാനൽ വിട്ടുപോയെങ്കിലും അതൊന്നും തൽക്കാലം റേറ്റിങ്ങിനെ ബാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് റിപോർട്ടർ ടിവിയുടെ റേറ്റിങ്ങ്. മുൻ ആഴ്ചയിലേക്കാൾ രണ്ട് പോയിൻറ് വർദ്ധിപ്പിക്കാൻ റിപോർട്ടർ ടിവിക്ക് സാധിച്ചു.

വൈകുന്നേരത്തെ ഷോയിലും രാത്രിയിലെ മീറ്റ ദി എഡിറ്റർ പരിപാടിയിലേയും പ്രധാന ആകർഷണമായിരുന്ന സുജയ പാർവതി പോയിട്ടും രണ്ട് പോയിൻറ് വർദ്ധിച്ചത് റിപോർട്ടറിന് ആശ്വാസകരമാണ്.

arun kumar sujaya parvathy

ഡോ.അരുൺ കുമാർ അവതരിപ്പിക്കുന്ന പ്രഭാത പരിപാടിയായ കോഫി വിത് അരുൺ ആണ് റിപോർട്ടർ ടിവിയുടെ റേറ്റിങ്ങിൻെറ നട്ടെല്ല്.


സുജയ അവതരിപ്പിച്ചിരുന്ന ഈവനിങ്ങ് ഷോയിൽ സുജയയുടെ അഭാവത്തിലും റിപോർട്ടർ ടിവി തന്നെയാണ് ഒന്നാമത്.


എന്നാൽ മോണിങ്ങ് ബാൻഡിലേത് പോലെ വ്യക്തമായ മേൽക്കൈ ഈവിനിങ്ങ് ഷോയിൽ റിപോർട്ടറിന് ഇല്ല.ഈ സെഗ്മെൻറിൽ ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഉണ്ട്.

ബിഗ് ടിവി സംപ്രേഷണം ആരംഭിക്കുകയും അവിടെ സുജയ പാർവതി ഷോ ആരംഭിക്കുകയും ചെയ്യുമ്പോഴാണ് റിപോർട്ടറിന് ലാഭമാണോ നഷ്ടമാണോ സംഭവിക്കുകയെന്ന് വ്യക്തമാകുകയുളളു.  

ചാനലിൽ നിന്നുളള മാധ്യമ പ്രവർത്തകരുടെ കൂട്ടരാജിയിലും റേറ്റിങ്ങ് ഇടിവിലും പകച്ചുനിന്ന ട്വൻറിഫോർ ന്യൂസിന് ഇന്ന് പുറത്തുവന്ന റേറ്റിങ്ങ് ഏറെ ആശ്വാസം പകരുന്നുണ്ട്.

24 news team

യൂണിവേഴ്സ് വിഭാഗത്തിലെ റേറ്റിങ്ങ് 40 പോയിൻറിന് താഴേക്ക് കൂപ്പുകുത്തിയതും നാലാം സ്ഥാനക്കാരായ മനോരമ ന്യൂസ് ഒപ്പത്തിനൊപ്പം എത്തിയതും ട്വൻറിഫോറിനെ വലിയ അങ്കലാപ്പിലാക്കിയിരുന്നു.

രക്ഷാ പ്രവർത്തനത്തിനായി ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ തന്നെ രംഗത്തിറങ്ങുകയും അദ്ദേഹത്തെ ചാനൽ രംഗത്ത് ശ്രദ്ധേയനാക്കിയ പഴയ സംവാദ പരിപാടിയായ 'നമ്മൾ തമ്മിൽ' പേര് മാറ്റി 'തമ്മിൽ തമ്മിൽ' എന്ന പേരിൽ സംപ്രേഷണം ആരംഭിക്കുകയും ചെയ്തതാണ് ട്വൻറിഫോറിനെ മനോരമ ന്യൂസിൻെറ വെല്ലുവിളിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

എല്ലാ ദിവസവും രാത്രി 8.15ന് സംപ്രേഷണം ചെയ്യുന്ന 'തമ്മിൽ തമ്മിൽ' പരിപാടിക്കാണ് ട്വൻറിഫോർ ന്യൂസിൽ മോണിങ്ങ് ഷോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റേറ്റിങ്ങ്.പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുത്ത് ഒരു മണിക്കൂർ ഷോയായി അവതരിപ്പിക്കുന്ന 'തമ്മിൽ തമ്മിൽ' പരിപാടി പ്രൈം ടൈമിൽ മറ്റ് ചാനലുകൾക്കും ഭീഷണിയായിട്ടുണ്ട്.

Sreekandan_nair

ട്വൻറി ഫോറിൻെറ  നട്ടെല്ല് ആർ.ശ്രീകണ്ഠൻ നായർ തന്നെയാണെന്നാണ് റേറ്റിങ്ങ് കണക്കുകൾ വ്യക്തമാക്കുന്നത്. ചാനലിൻെറ പ്രേക്ഷക പ്രീതിയുളള രണ്ട് പരിപാടിയുടെയും അവതാരകൻ ശ്രീകണ്ഠൻ നായർ തന്നെയാണ്.


സ്ഥാപനം എന്ന നിലയിൽ ട്വൻറി ഫോറിൻെറ ദൌർബല്യം കൂടി വിളിച്ചോതുന്നതാണിത്.എല്ലാം ഒറ്റയാളിൽ കേന്ദ്രീകരിക്കുകയും മികച്ചൊരു രണ്ടാം നിര ഇല്ലാതിരിക്കുകയും ചെയ്യുന്നത് പുതിയ കാല വെല്ലുവിളികളെ നേരിടുമ്പോൾ ട്വൻറിഫോറിന് പരീക്ഷണമാകും.


കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 50 പോയിൻറ് നേടിയാണ് ട്വൻറിഫോർ ന്യൂസ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്.നാലാം സ്ഥാനക്കാരായ മനോരമ ന്യൂസിന് 38പോയിൻറ് മാത്രമേ ഉളളു.മൂന്നും നാലും സ്ഥാനക്കാർ തമ്മിലുളള വ്യത്യാസം 12 പോയിൻറായി ഉയർന്നു.

കേരള വിഷനിൽ ചാനൽ പൊസിഷൻ മുന്നിലേക്ക് കൊണ്ടുവന്നും എസിവിയിൽ ലാൻഡിങ്ങ് പേജ് എടുത്തും റേറ്റിങ്ങ് കൂട്ടാൻ  മനോരമ ന്യൂസ് നടത്തിയ നീക്കങ്ങൾ ഫലം കണ്ടില്ല എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്ന കാര്യം.


ചാനൽ റേറ്റിങ്ങിലെ അഞ്ചാം സ്ഥാനത്തിന് വേണ്ടി കടുത്ത മത്സരമാണ് നടക്കുന്നത്.മനോരമക്ക് പിന്നിൽ അഞ്ചാം സ്ഥാനത്തിൽ ഏതാണ്ട് സുരക്ഷിതരായിരുന്ന മാതൃഭൂമി ന്യൂസിന്, ന്യൂസ് മലയാളം 24x7 ചാനലാണ് കടുത്ത വെല്ലുവിളി ഉയർത്തുന്നത്.


30 പോയിൻറുമായി ഇരു ചാനലുകളും അഞ്ചാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണെന്ന് പറയാമെങ്കിലും റേറ്റിങ്ങ് കണക്കുകളെ സൂക്ഷ്മമായി പരിശോധിച്ചാൽ ന്യൂസ് മലയാളമാണ് മുന്നിൽ.

News Malayalam 24×7' to launch on May 29 - Indian Broadcasting World

ന്യൂസ് മലയാളത്തിന് 30.26 പോയിൻറ് ഉളളപ്പോൾ മാതൃഭൂമി ന്യൂസിന് 30.05 പോയിൻറ് മാത്രമാണ് ലഭിച്ചത്. മുൻനിര അവതാരകരായ മാതു സജിയും ആര്യാ പി.നായരും ചാനൽ വിട്ടതും എഡിറ്റോറിയൽ ശ്രദ്ധ  സ്ഥാപനത്തിൻെറ സാഹിത്യോത്സവത്തിലേക്ക് തിരിഞ്ഞതുമാണ് മാതൃഭൂമിയുടെ വീഴ്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

26 പോയിൻറ് നേടി ജനം ടിവി ആറാമതും 19 പോയിൻറുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തുമുണ്ട്.10 പോയിൻറുമായി ന്യൂസ് 18 കേരളം ആണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ.

Advertisment