/sathyam/media/media_files/2025/04/18/wLOSQtlZ0IGDpNChIMR0.jpg)
കോഴിക്കോട്: പല തരത്തിലുള്ള അച്ചടക്ക നപടികള്‍ പല പാര്‍ട്ടികളും സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്കെതിരെ സ്വീകരിക്കാറുണ്ട്. പാര്‍ട്ടികളിലും സംഘടനയിലും അച്ചടക്കമുറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഒരു നടപടിയാണിത്.
എന്നാല്‍ കോഴിക്കോട് വടകരയില്‍ കൗതുകമുണര്‍ത്തുന്ന അച്ചടക്ക നടപടിയാണ് ജില്ലാ നേതാവ് ഏരിയാ നേതാവിനെതിരെ സ്വീകരിച്ചത്. സി.ഐ.ടിയു ജില്ലാ സെക്രട്ടറിയായ തന്നോട് കൈചൂണ്ടി സംസാരിച്ചതിന് സി.ഐ.ടി.യു ഏരിയാ നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന ആരോപണമാണ് ഉയരുന്നത്.
സി.ഐ.ടി.യു ഹെഡ്‌ലോഡ് വടകര ഏരിയ വൈസ് പ്രസിഡന്റ് കെ മനോജിനെതിരെയാണ് നടപടി. ശരീരഭാഷ ശരിയായില്ല എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ മനോജ് പറയുന്നത്.
വടകരയിലെ പൊതുസ്ഥാപനമായ എന്‍.എം.ഡി.സിയിലെ ജീവനക്കാരനാണ് മനോജ്. ഏപ്രില്‍ 20ന് ആലഞ്ചേരിയില്‍ വച്ച് സി.ഐ.ടി.യുവിന്റെ സമ്മേളനം നടക്കുകയാണ്.
അതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി നാസറിനോട് പ്രശ്‌നങ്ങള്‍ ഉന്നയിച്ച താന്‍ കുറച്ച് ഉറക്കെ സംസാരിച്ചുവെന്ന് മനോജ് സമ്മതിക്കുന്നുണ്ട്.
എന്നാല്‍, തെറ്റായ ഒരുവാക്ക് പോലും ഉപയോഗിച്ചില്ല. പ്രശ്‌നങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് നടത്തിയ യോഗത്തില്‍ താന്‍ നാസറിനെ മര്‍ദ്ദിച്ചുവെന്നാണ് യൂണിയന്‍ ഏരിയ പ്രസിഡന്റ് കെ.കെ രമേശന്‍ പറയുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. കൈചൂണ്ടി വളരെ മോശമായി സംസാരിച്ചുവെന്നും അതിന്റെ പേരില്‍ പുറത്താക്കുകയാണെന്നും പറഞ്ഞു.
പാര്‍ട്ടി വിരുദ്ധമായ ഒന്നുംതന്നെ പറഞ്ഞിട്ടില്ല. സി.പി.എമ്മില്‍ പരാതി നല്‍കാനാണ് തന്റെ തീരുമാനമെന്നും മനോജ് പറയുന്നു. എന്നാല്‍ ആരോപണം സംബന്ധിച്ച് സി.ഐ.ടി.യു ജില്ലാ - സംസ്ഥാന നേതൃത്വങ്ങള്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
സംഘടനാംഗത്തിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി വിവാദമായ സാഹചര്യത്തും കൂടുതല്‍ പ്രതികരണത്തിന് നേതാക്കള്‍ തയ്യാറായിട്ടില്ല. അച്ചടക്ക നടപടിക്ക് വിധേയനായ മനോജ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായതിനാല്‍ പാര്‍ട്ടിയും ഇക്കാര്യത്തില്‍ ഇടപെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us