/sathyam/media/media_files/2025/10/26/untitled-2025-10-26-14-08-39.jpg)
തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടനയുടെ ഭാഗമായി കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക പുറത്തിറങ്ങാനിരിക്കെ സംസ്ഥാനത്തെ രണ്ട് ഡി.സി.സി അദ്ധ്യക്ഷൻമാർക്ക് കൂടി മാറ്റമുണ്ടായേക്കുമെന്ന് സൂചന.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യഥാക്രമം ചെമ്പഴന്തി അനിലിനും സൂരജ് രവിക്കുമാണ് സാധ്യത ഏറുന്നത്. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പാലോട് രവി രാജിവെച്ച ഒഴിവിൽ എൻ. ശക്തന് താൽക്കാലിക ചുമതല നൽകിയിരുന്നു.
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാൻ ശക്തൻ നിർബന്ധം പിടിക്കുന്നതോടെയാണ് പുതിയ ഡിസിസി അധ്യക്ഷനായി ചർച്ചകൾ ചൂടുപിടിച്ചത്.
കൊല്ലത്തും ഡിസിസി അധ്യക്ഷൻ രാജേന്ദ്രപ്രസാദിന് പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്. അദ്ദേഹവും സ്ഥാനമൊഴിയാൻ സന്നദ്ധ പ്രകടിപ്പിച്ചു കഴിഞ്ഞു.
തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷപദവിക്കായി വിവിധ പേരുകൾ പരിഗണിക്കപ്പെട്ടിരുന്നു. നിലവിൽ വൈസ് പ്രസിഡണ്ട് ആയ ശരത് ചന്ദ്രപ്രസാദ്, ജന സെക്രട്ടറിമാരായ മണക്കാട് സുരേഷ്, മരിയാപുരം ശ്രീകുമാർ, കെ എസ് ശബരിനാഥൻ, ചെമ്പഴന്തി അനിൽ തുടങ്ങിയവരെയാണ് സ്ഥാനത്തേക്ക് പരിഗണിച്ചത്.
35 കൊല്ലമായി നായർ വിഭാഗത്തിൽ നിന്നുള്ള ആളിനെയാണ് ഡിസിസി അധ്യക്ഷപദവിയിലേക്ക് നിയോഗിച്ചത് എന്നാണ് ഉയരുന്ന വാദം.
നിലവിൽ ഉണ്ടായിരുന്ന പാലോട് രവി വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് പദവി ഒഴിഞ്ഞപ്പോൾ ഇത്തവണ ഡിസിസി അധ്യക്ഷനായി ഈഴവ വിഭാഗത്തിൽ നിന്നുള്ള ആളെ പരിഗണിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
തുടർന്ന് ശരത്ചന്ദ്രപ്രസാദിന്റെ പേരിന് മുൻതൂക്കവും കിട്ടിയിരുന്നു. എന്നാൽ പിന്നീട് ചർച്ചകൾ ഒടുവിൽ ചെമ്പഴന്തി അനിൽ എന്ന പേരിൽ എത്തിനിൽക്കുകയാണ്. സ്ഥാനത്തേക്ക് പരിഗണിച്ചവരെല്ലാം കെപിസിസി ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ചെമ്പഴന്തി അനിലിന് നറക്കു വീണത്.
മുമ്പ് എതിർപ്പ് ഉയർത്തിയിരുന്ന കെ മുരളീധരൻ, ശശി തരൂർ എംപി എന്നിവർ നിലവിൽ ചെമ്പഴന്തി അനിലിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.
കൊല്ലത്തും സമാനമായ സാഹചര്യമാണ് നിലവിൽ ഉണ്ടായിരുന്നത്. നിലവിലുള്ള ഡിസിസി അധ്യക്ഷനായ രാജേന്ദ്രപ്രസാദിന് പ്രായാധിക്യം മൂലം പരിമിതികൾ ഉണ്ടെന്ന തിരിച്ചറിവാണ് അവിടെ പുതിയ പേരുകളിലേക്ക് ചർച്ചകൾ നീണ്ടത്.
പലരെയും പരിഗണിച്ചുവെങ്കിലും ഏറ്റവും അവസാനം സൂരജ് രവി എന്ന പേരിലേക്ക് ചർച്ചകൾ വന്നു നിൽക്കുകയാണ്.
നിലവിൽ വി എം സുധീരൻ അടക്കമുള്ള ആളുകളാണ് സൂരജ് രവിക്കുവേണ്ടി രംഗത്തുള്ളത്. കെപിസിസി സെക്രട്ടറിമാരുടെ പട്ടികയ്ക്കൊപ്പം തിരുവനന്തപുരം കൊല്ലം ഡിസിസി അധ്യക്ഷന്മാരുടെ പുനസംഘടന കൂടി നടക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us