കുട്ടികള്‍ ആത്മീയ അറിവ് പഠിക്കുന്നത് മദ്രസകളില്‍ നിന്ന്; അടച്ചുപൂട്ടുന്നത് അപകടകരം: കെ ബി ഗണേഷ് കുമാര്‍

New Update
66666

കൊല്ലം: മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളില്‍ നിന്നാണ്.

Advertisment

മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ രാജ്യന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളില്‍ പഠിപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഖുര്‍ആന്റെ അറിവ് നല്‍കുന്നവയാണ് മദ്രസകള്‍. അല്ലാഹു നല്‍കുന്ന സന്ദേശങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. മദ്രസകളില്‍ പോകുന്നത് മതം പഠിക്കാന്‍ അല്ല ഖുര്‍ആന്‍ പഠിക്കാനാണ്.

സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിള്‍ ആണ്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.

മദ്രസകളുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ദേശീയ ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

Advertisment