/sathyam/media/media_files/2025/11/12/jaihind-2025-11-12-22-58-18.png)
തിരുവനന്തപുരം: പതിനെട്ടാം വയസിൽ പുതുരൂപത്തിൽ അവതരിക്കാൻ ഒരുങ്ങുകയാണ് ജയ്ഹിന്ദ് ടിവി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, ലോകം മുഴുവനുള്ള വാർത്തകൾ മലയാളിയുടെ സ്വീകരണ മുറിയിൽ എത്തിച്ച് ദൃശ്യ സംസ്‌കാരത്തിന്‍റെ പുതിയ വാതിൽ തുറക്കാനൊരുങ്ങുകയാണ് ജയ്ഹിന്ദ് ടി.വി.
വാർത്തകളിൽ വിപ്ലവകരമായ മാറ്റവുമായി പുതുരൂപത്തിൽ ജയ്ഹിന്ദ് ടിവി എത്തുന്നത് കോൺഗ്രസിനും ഗുണംചെയ്യും.
ദേശീയതയ്ക്ക് മുൻതൂക്കം നൽകിയുള്ളതാവും ജയ്ഹിന്ദിന്റെ പുതിയ മാനേജ്മെന്റ് നയം.
ജനങ്ങളുടെ ശബ്ദമായും സത്യത്തിന്റെ ശക്തിയായും ചാനൽ എപ്പോഴുമുണ്ടാവുമെന്നാണ് പുതിയ വരവിലെ ജയ്ഹിന്ദിന്റെ ഉറപ്പ്. ജേർണലിസത്തിന്റെ പുതിയ യുഗപ്പിറവിയുമായി ഉടനെത്തുമെന്നാണ് ചാനലിന്റെ അണിയറയിലുള്ളവർ പറയുന്നത്.
ദേശീയതയുടെ അഭിമാനവും പാരമ്പര്യവുമായി ആധുനികവും നിർഭയവുമായ കെട്ടിലും മട്ടിലും പുതിയ ജയ്ഹിന്ദ് ഉടനെത്തും. ആധുനിക സാങ്കേതിക വിദ്യയും ദേശീയത കലർന്ന വാർത്തകളുമായിട്ടായിരിക്കും ജയ്ഹിന്ദിന്റെ രണ്ടാം വരവ്.
കേരളത്തിൽ കൊച്ചി, കാലിക്കറ്റ്, മലപ്പുറം, കാസർഗോഡ്, ആലപ്പുഴ, കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങൾ കേന്ദ്രമാക്കിയായിരിക്കും ജയ്ഹിന്ദിന്റെ പ്രവർത്തനം. തിരുവനന്തപുരം ആയിരിക്കും ആസ്ഥാനം.
ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും ജയ്ഹിന്ദിന്റെ ന്യൂസ് ബ്യൂറോകളുണ്ടാവും. മാത്രമല്ല, ലോകം മുഴുവൻ സാന്നിദ്ധ്യമറിയിക്കുകയാണ് പുതിയ ജയ്ഹിന്ദ് ടി.വി.
ന്യൂയോർക്ക്, ഹൂസ്റ്റൺ, ലണ്ടൻ, മസ്കറ്റ്, ബഹറിൻ, കാനഡയിലെ ടൊറന്റോ എന്നിവിടങ്ങളിലും ജയ്ഹിന്ദിന് ഓഫീസുകളും ലേഖകരും ഉണ്ടാവും. ചാനൽ വിത്ത് നാഷണൽ പ്രൈഡ് എന്ന ആപ്തവാക്യത്തോടെയാണ് ജയ്ഹിന്ദിന്റെ റീലോഞ്ച്. ഇതിനായുള്ള വമ്പൻ റിക്രൂട്ട്മെന്റ് ആരംഭിച്ചു കഴിഞ്ഞു.
2007 ആഗസ്റ്റ് 17ന് ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ സോണിയ ഗാന്ധിയായിരുന്നു ജയ്ഹിന്ദ് ടി.വി മലയാളത്തിന്‍റെ ആകാശത്തിന് സമര്‍പ്പിച്ചത്.
അന്നുമുതല്‍ ഇന്നോളം മലയാളിയുടെ വാര്‍ത്തയുടെയും ടെലിവിഷന്‍ സംസ്‌കാരത്തിന്‍റെയും ഉത്തമ മാതൃകയായി നിലകൊള്ളാന്‍ ജയ്ഹിന്ദിനായിട്ടുണ്ടെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്നു. 18 വർഷമായിട്ടും കൈരളിയെപ്പോലെ സജീവമായ ചാനലാവാൻ ജയ്ഹിന്ദിന് കഴിഞ്ഞിരുന്നില്ല.
ആ കുറവാണ് റീലോഞ്ചിംഗിലൂടെ ജയ്ഹിന്ദ് നികത്തുന്നത്. ഏറെക്കാലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ചാനൽ. അടുത്തിടെയായി സാമ്പത്തികമായി അൽപ്പം മെച്ചമുണ്ടായിട്ടുണ്ടെന്നാണ് സൂചന.
മറ്റ് ചാനലുകളിലെ നിരവധി മാദ്ധ്യമപ്രവർത്തകരെ ജയ്ഹിന്ദ് റിക്രൂട്ട് ചെയ്തു. ഇതിനു പുറമെയാണ് പ്രവർത്തനം ലോകമെങ്ങും വ്യാപിപ്പിക്കുന്നത്.
യാഥാര്‍ത്ഥ്യത്തിന്‍റെ വാര്‍ത്താ സംസ്‌കാരവുമായാവും രണ്ടാം വരവെന്ന് ചാനൽ വൃത്തങ്ങൾ പറയുന്നു. രാജ്യത്തിനുവേണ്ടി കുടുംബത്തിനുവേണ്ടി എന്നതായിരുന്നു ജയ്ഹിന്ദിന്‍റെ ആപ്തവാക്യം. ഇനിയത് ചാനൽ വിത്ത് നാഷണൽ പ്രൈഡ് എന്നതായിരിക്കും.
റീലോഞ്ചിനായി സബ്എഡിറ്റർമാർ, റിപ്പോർട്ടർമാർ, വാർത്താ അവതാരകർ, ജേർണലിസ്റ്റ് ട്രെയിനികൾ, വീഡിയോ എഡിറ്റർമാർ, ഗ്രാഫിക് ഡിസൈനർമാർ എന്നിങ്ങനെ തസ്തികകളിലേക്ക് വമ്പൻ റിക്രൂട്ട്മെന്റാണ് ജയ്ഹിന്ദ് ആരംഭിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ ജയ്ഹിന്ദ് ചാനൽ റീലോഞ്ച് അനിവാര്യമാണെന്നാണ് പാർട്ടിയുടെ നിലപാട്.
അതിനാലാണ് കേന്ദ്രനേതൃത്വത്തിൽ നിന്നടക്കം സാമ്പത്തിക സഹായത്തോടെ ചാനൽ പുതുക്കുന്നത്. വിദേശത്തെ കോൺഗ്രസിന്റെ സംഘടനകളും ചാനലിന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നാണ് അറിയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us