ആർആർടിഎസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമെന്ന് കെ.സി വേണുഗോപാൽ എംപി. സംസ്ഥാന ബജറ്റ് ഇടതു മുന്നണിയുടെ മാനിഫെസ്റ്റോ മാത്രമെന്നും വിമർശനം. കേന്ദ്രത്തിൽ മോദി സർക്കാരിനെ ശക്തമായി എതിർക്കുന്നത് കോൺഗ്രസ് മാത്രമെന്നും കെ.സി

New Update
kc venugopal press meet

ന്യൂഡൽഹി: കേരളത്തിലെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് വെറും പ്രഹസനമാണെന്നും ആർആർടിഎസ് (RRTS) പദ്ധതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സംസ്ഥാന ബജറ്റ് ഇടതുമുന്നണിയുടെ മാനിഫെസ്റ്റോ എന്നതിനപ്പുറം ഒരു പ്രാധാന്യവുമില്ലാത്ത രേഖയാണ്. അഞ്ച് വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പോലും പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന് പറഞ്ഞിട്ട് അത് നടപ്പിലായോ എന്ന് അദ്ദേഹം ചോദിച്ചു. 

ആത്മാർത്ഥതയില്ലാത്ത ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും വികസന പദ്ധതികൾ നടപ്പിലാക്കുന്ന ആത്മാർത്ഥതയുള്ള ഒരു സർക്കാർ വരുമെന്നും അദ്ദേഹം പറഞ്ഞു. "വെയിറ്റ് ആൻഡ് സീ" എന്നായിരുന്നു വികസന പദ്ധതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിമർശിക്കുന്നവർക്ക് മറുപടിയായി, ഇക്കണോമിക് സർവേയെ പാർലമെന്റിൽ ചോദ്യം ചെയ്തത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. 

മോദി സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും വേണുഗോപാൽ വ്യക്തമാക്കി. ശശി തരൂർ വിവാദം മാധ്യമ സൃഷ്ടിയാണെന്നും എതിരഭിപ്രായങ്ങളെ മാനിക്കുന്നതാണ് കോൺഗ്രസ് ശൈലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment