ശബരി റെയില്‍ പദ്ധതി..നിര്‍മാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കാതെ സംസ്ഥാനം. സ്ഥലമെടുപ്പ് വിജ്ഞാപനം ഉടൻ ഇറക്കണമെന്നു റെയില്‍വേ. തുടര്‍ നടപടികള്‍ സര്‍ക്കാര്‍ വൈകിപ്പിക്കരുതെന്ന് ആവശ്യം

പാലങ്ങളുടെ ഉള്‍പ്പെടെ ടെക്‌നിക്കല്‍ ഡ്രോയിങ്ങുകള്‍ പുതുതായി വരയ്‌ക്കേണ്ടി വരും.

New Update
1001376057

കോട്ടയം:  അങ്കമാലി-എരുമേലി ശബരി റെയിൽപാത  നിര്‍മാണം പുനരാരംഭിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കു തിരിച്ചടിയാകുന്നു.

Advertisment

 നിര്‍മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ കേരളത്തോട് റെയില്‍വേ ആവശ്യപ്പെട്ടതാണ്.

എന്നാല്‍, ഇതുവരെ കേരളം മറുപടി നല്‍കിയിട്ടില്ല.

പദ്ധതി വീണ്ടും ആരംഭിക്കുന്നതിന് ഉടൻ സ്ഥലമെടുപ്പ് വിജ്ഞാപനം ഇറക്കണമെന്നും റെയില്‍വേ കേരളത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 ദക്ഷിണ റെയില്‍വേയുടെ സംസ്ഥാനത്തെ കണ്‍സ്ട്രക്ഷന്‍ വിഭാഗം എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാര്‍ക്ക് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചു.

 എത്രയുംവേഗം വിജ്ഞാപനം ഇറക്കുകയും നിര്‍മാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന് കത്ത് നല്‍കുകയും വേണം എന്ന ആവശ്യമാണ് റെയില്‍വേ ഉന്നയിച്ചിരിക്കുന്നത്.

എങ്കില്‍ മാത്രമേ കേരളവും റെയില്‍വേയുമായി ധാരണാപത്രം ഒപ്പിടാന്‍ കഴിയൂ.

 ഇതു ചെയ്താല്‍ മാത്രമേ മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ ചട്ടപ്രകാരം റെയില്‍വേ ബോര്‍ഡിനു സാധിക്കുകയുള്ളൂ. എന്നാല്‍, ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന മെല്ലെപ്പോക്ക്

പദ്ധതി ഇനിയും വൈകുന്നതിനു കാരണമാകും. സ്ഥല ഉടമകളും എത്രയും വേഗം നടപടി പൂര്‍ത്തിയായി തങ്ങളെ ഈ ദുരിതത്തില്‍ നിന്നു മോചിപ്പിക്കണമെന്നു ആവശ്യപ്പെടുന്നു.

പദ്ധതിക്കായി കല്ലിട്ട സ്ഥലത്ത് ഭൂമി വില്‍ക്കാനോ, മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍.

അതേസമയം, സ്ഥലമെടുപ്പ് ഓഫീസുകള്‍ വീണ്ടും തുറക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.

പദ്ധതി പുനരാരംഭിക്കുമ്പോള്‍ എല്ലാം ആദ്യം മുതല്‍ തുടങ്ങണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

പഴയ മാനദണ്ഡങ്ങള്‍ പലതും മാറിയിട്ടുണ്ട്. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ യോജിച്ച തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.

 111 കിലോമീറ്റര്‍ നീളമുള്ള ശബരിപാതയില്‍ 14 സ്റ്റേഷനുകളാണുള്ളത്.

വിജ്ഞാപനം ഉണ്ടെങ്കിലേ ചട്ടപ്രകാരം സര്‍വേ നടത്താനും കല്ലിടാനും കഴിയൂ എന്ന് റെയില്‍വേ പറയുന്നു. 1997-98 കാലത്ത് വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി 2019-ലാണ് മരവിപ്പിച്ചത്.

പാലങ്ങളുടെ ഉള്‍പ്പെടെ ടെക്‌നിക്കല്‍ ഡ്രോയിങ്ങുകള്‍ പുതുതായി വരയ്‌ക്കേണ്ടി വരും. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെയും റെയില്‍വേയ്ക്ക് നിയോഗിക്കേണ്ടതുണ്ട്.

കോട്ടയം ജില്ലയിലെ രാമപുരം മുതല്‍ എരുമേലി വരെയുള്ള സര്‍വേയുടെ അലൈന്‍മെന്റ് തയ്യാറാക്കിയത് കെആര്‍ഡിസിഎല്‍ ആണ്.

Advertisment