വിദേശ വിദ്യാർഥികളുടെ കാര്യത്തിൽ നിലപാട് മയപ്പെടുത്തി ട്രംപ്. ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രതീക്ഷ. ട്രംപിൻ്റെ കർശന നയങ്ങൾ കാരണം അമേരിക്കയിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നു

മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടാകുന്നത് അമേരിക്കയിലെ പകുതിയോളം കോളജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന ആശങ്കയ്ക്കിടെയാണ് നിലപാട് മാറ്റം. 

New Update
Trump
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: വിദേശ വിദ്യാർഥികളുടെ കാര്യത്തിൽ നിലപാട് മയപ്പെടുത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ നിലപാടിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രതീക്ഷ.

Advertisment

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിര്‍ത്തുന്നുവെന്ന് ട്രംപ്  അഭിപ്രായപ്പെട്ടു.


മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടാകുന്നത് അമേരിക്കയിലെ പകുതിയോളം കോളജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന ആശങ്കയ്ക്കിടെയാണ് നിലപാട് മാറ്റം. 

ജനുവരിയില്‍ അധികാരത്തില്‍ വന്നതിന് ശേഷം, ട്രംപ് ഭരണകൂടം ആയിരക്കണക്കിന് വിസകള്‍ റദ്ദാക്കുകയും, പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും, അപേക്ഷാ നടപടികളില്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.


അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലും വിസ ചട്ടങ്ങള്‍ പാലിക്കുന്നതിലും ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ അമേരിക്കയിലെ പ്രമുഖ സ്ഥാപനങ്ങളെയും ട്രംപിന്റെ സംഘം ലക്ഷ്യമിട്ടിരുന്നു.  


ഈ വര്‍ഷം ആദ്യം, സ്റ്റുഡന്റ് വിസകള്‍ക്കുള്ള അഭിമുഖങ്ങള്‍ നിര്‍ത്തിവെക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ലോകമെമ്പാടുമുള്ള യുഎസ് എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പിന്നീട് ഭരണകൂടം ഇത് പുനരാരംഭിച്ചെങ്കിലും, അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു.


ഇതോടെ അമേരിക്കൻ സർവകലാശാലകളിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വർഷം വൻ ഇടിവ് സംഭവിച്ചു. 2025 ഓഗസ്റ്റിൽ അമേരിക്കയിലേക്ക് വന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 ശതമാനം കുറഞ്ഞിരുന്നു. 


ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. അമേരിക്കൻ സർവകലാശാലകളിലേക്ക് എത്തുന്ന വിദേശ വിദ്യാർഥികളിൽ മൂന്നിലൊന്നും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലെ കുറവ് സർവകലാശാലകളെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിരുന്നു.

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടാനായി ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിലേക്ക് വൻതോതിൽ കുടിയേറിയിരുന്നത്. 


നിലവിൽ 1.3 ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികൾ അമേരിക്കയിൽ പഠിക്കുന്നുണ്ട്. വിസ നടപടിക്രമങ്ങളിലെ കാലതാമസവും ഭരണപരമായ തടസ്സങ്ങളും ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമാണ്.


ഈ വർഷം മെയ് അവസാനം, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മൂന്നാഴ്ചത്തേക്ക് വിദ്യാർഥി വിസ (എഫ്1 വിസ) അഭിമുഖങ്ങൾ നിർത്തിവെച്ചിരുന്നു. അപേക്ഷ സമർപ്പിക്കേണ്ട പ്രധാന സമയത്തായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ നടപടി.

അഭിമുഖങ്ങൾ പുനരാരംഭിച്ചപ്പോൾ, അപ്പോയിൻമെന്റുകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഇതോടെ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പല ഇന്ത്യൻ വിദ്യാർഥികൾക്കും വിസ ലഭിച്ചില്ല.


ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളും വിദേശ വിദ്യാർഥികളുടെ വരവിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിച്ചു. ഇതിനിടെ യുഎസ് 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കുകളും വിസാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി.


എല്ലാ വിദേശ അപേക്ഷകരെയും അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും തുടങ്ങി. ഇതിനു പുറമേ, വിദ്യാർഥികൾക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ ക്യാമ്പസുകളിലെ ആശങ്ക വർധിപ്പിച്ചു. 

വിദേശികളായ സ്കിൽഡ് പ്രഫഷണലുകൾക്ക് യുഎസ് നൽകുന്ന എച്ച്1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയത് അമേരിക്കയിൽ ജോലി തേടുന്ന വിദേശ ബിരുദധാരികൾക്ക് തിരിച്ചടിയായി.


യുഎസിൽ പഠിച്ച് എച്ച്1ബി വിസയിൽ ജോലി നേടാൻ ആഗ്രഹിച്ച വിദ്യാർഥികൾക്കും ഫീസ് വർധന കനത്ത പ്രഹരമായി. ഇതോടെ പല ഇന്ത്യൻ വിദ്യാർഥികളും മറ്റ് മാർഗങ്ങൾ പരിഗണിച്ചു തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


ഇതിനിടെയാണ് ട്രംപിൻ്റെ പുതിയ നിലപാട്. വിദേശ വിദ്യാർഥികൾക്ക് ട്രംപ് കൂടുതൽ ഇളവ് പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Advertisment