/sathyam/media/media_files/2025/11/28/sabarimala-2025-11-28-07-21-15.webp)
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികൾ ഒന്നൊന്നായി പുറത്തേക്ക്, മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് പിന്നാലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും ജാമ്യം ലഭിച്ചു.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
ദ്വാരപാലക ശിൽപ കേസില്‍ നേരത്തെ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ടുകേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്നു തന്നെ ജയില്‍ മോചിതനാകാം.
മുരാരി ബാബുവിനും ഡി. സുധീഷ് കുമാറിനും എസ് ശ്രീകുമാറിനും പിന്നാലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയും ജയിൽ മോചിതനാകുന്നത്.
എന്നാൽ, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലുടൻ പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇ.ഡിയുടെ നീക്കം.
ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് നൽകാനാണ് ഇ.ഡി തീരുമാനിച്ചിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.
ഇതിനിടെ തിരുവല്ലയിൽ ഇ.ഡി റെയ്ഡ് നടത്തി വരികയാണ്.
ശബരിമല സ്വർണക്കൊള്ളയുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് വിവരം.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കരട് കുറ്റപത്രം തയാറായിട്ടുണ്ട്.
പ്രോസിക്യൂഷന്‍ അനുമതിക്കായി ഈ കുറ്റപത്രവും ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് എസ്.ഐ.ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നിരവധി പേരുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയാണു കുറ്റപത്രം തയാറാക്കിയത്.
ഇതില്‍ പലരേയും കേസില്‍ സാക്ഷികളാക്കും. 12 പ്രതികളാണു കുറ്റപത്രത്തി ലുള്ളതെന്നാണു വിവരം.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെ കേസില്‍ സാക്ഷികളായേക്കുമെന്നാണു പുറത്തു വരുന്ന സൂചനകള്‍.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12ല്‍ ഒമ്പതു പ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണം.
കുറ്റപത്രം സമര്‍പ്പിക്കുന്നതിൽ വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ വന്‍ പ്രതിഷേധം ഇന്നും ഉയര്‍ത്തി.
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സഭാ സമ്മേളനവും അവസാനിച്ചതിനാൽ തുടർ പ്രവർത്തനങ്ങൾ തെരുവിലേക്കു നീക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us