അതിദാരിദ്ര്യ മുക്ത കേരളം; നാലര വര്‍ഷം നിങ്ങളെല്ലാം തീര്‍ത്തും അവഗണിച്ച ഒരു സുപ്രധാന സര്‍ക്കാര്‍ പദ്ധതിയാണിപ്പോള്‍ ചര്‍ച്ചാവിഷയമായത്. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനോടും വിദഗ്ധരോടും ചോദ്യങ്ങളുമായി എം.ബി.രാജേഷ്

എല്ലാവരും അവഗണിച്ചപ്പോഴും 2021 മെയ് മുതല്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഈ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി അതീവ ശ്രദ്ധയോടെയും നിഷ്‌കര്‍ഷയോടെയും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 53 മാസത്തെ ഈ കഠിന പ്രയത്‌നത്തിലൂടെ കൈവരിച്ച

New Update
M B RAJESH1

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനോടും വിദഗ്ധരോടും ചോദ്യങ്ങളുമായി എം.ബി.രാജേഷ്. 

Advertisment

'നാലര വര്‍ഷം നിങ്ങളെല്ലാം തീര്‍ത്തും അവഗണിച്ച ഒരു സുപ്രധാന സര്‍ക്കാര്‍ പദ്ധതിയാണിപ്പോള്‍ ചര്‍ച്ചാവിഷയമായതെന്ന് എം.ബി.രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. 


എല്ലാവരും അവഗണിച്ചപ്പോഴും 2021 മെയ് മുതല്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഈ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി അതീവ ശ്രദ്ധയോടെയും നിഷ്‌കര്‍ഷയോടെയും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.


എം.ബി.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ബഹു. പ്രതിപക്ഷ നേതാവിനോടും ബഹുമാന്യ വിദഗ്ദ്ധരോടും ചില ചോദ്യങ്ങള്‍.

രണ്ടു ദിവസമായി ചര്‍ച്ചകളും വിവാദങ്ങളും നടക്കുകയാണല്ലോ. പ്രതിപക്ഷം, ചില വിദഗ്ധര്‍ എന്നിവരാണ് പൊടുന്നനെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്വാഭാവികമായും മാധ്യമങ്ങള്‍ അതേറ്റെടുത്തു. തലക്കെട്ടുകളും പ്രൈംടൈം ചര്‍ച്ചകളും ധാരാളമുണ്ടായി. വളരെ സന്തോഷമുണ്ട്; ഇതാദ്യമായി ഒടുവില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം ചര്‍ച്ചയായല്ലോ. മാധ്യമങ്ങള്‍ പലതും അതിദരിദ്ര കുടുംബങ്ങള്‍ക്കുണ്ടായ മാറ്റം അന്വേഷിച്ചിറങ്ങിയതിലും സന്തോഷമുണ്ട്.

നാലരവര്‍ഷം നിങ്ങളെല്ലാം തീര്‍ത്തും അവഗണിച്ച ഒരു സുപ്രധാന സര്‍ക്കാര്‍ പദ്ധതിയാണിപ്പോള്‍ ചര്‍ച്ചാവിഷയമായത്. എല്ലാവരും അവഗണിച്ചപ്പോഴും 2021 മെയ് മുതല്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഈ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി അതീവ ശ്രദ്ധയോടെയും നിഷ്‌കര്‍ഷയോടെയും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 53 മാസത്തെ ഈ കഠിന പ്രയത്‌നത്തിലൂടെ കൈവരിച്ച നേട്ടമാണ് ഇന്നലെ പ്രഖ്യാപിച്ചത്.

  1. 2021 മെയ് 21 ന് ആദ്യ മന്ത്രിസഭാ തീരുമാനമായി ബഹു. മുഖ്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചപ്പോഴും ജൂലൈ 16 ന് അതിദാരിദ്ര്യ നിര്‍ണയത്തിന്റെ മാനദണ്ഡം, നിര്‍ണയ പ്രക്രിയ എന്നിവ വിശദീകരിച്ച സമഗ്ര മാര്‍ഗരേഖ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറക്കിയപ്പോഴും നിങ്ങളുടെ അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ എവിടെയെങ്കിലും ഉന്നയിച്ചിരുന്നോ? എങ്കില്‍ അവ എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?
  2.  തുടര്‍ന്ന് കില തയാറാക്കിയ അതിദാരിദ്ര്യ നിര്‍ണയത്തിനും അതിനാവശ്യമായ പരിശീലനത്തിനുമുള്ള കൈപ്പുസ്തകം അന്നോ പിന്നീടിതുവരെയോ വിദഗ്ധരെങ്കിലും വായിച്ചിരുന്നോ? കുറവുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാതിരുന്നതെന്തുകൊണ്ട്?
  3. അതിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന വിവരശേഖരണ പ്രക്രിയയെക്കുറിച്ച് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നോ? എങ്കില്‍ എന്തായിരുന്നു? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്യാനുള്ള 58000 ത്തിലധികം ഫോക്കസ് ഗ്രൂപ്പ് യോഗങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരുന്നില്ലേ?
  4. മെമ്പര്‍മാര്‍ നേതൃത്വം നല്‍കുന്ന വാര്‍ഡ് തല ജനകീയ സമിതികള്‍ ചര്‍ച്ച ചെയ്ത് ഗുണഭോക്തൃ പട്ടിക ഗ്രാമസഭയിലേക്ക് ശുപാര്‍ശ ചെയ്ത കാര്യം നിങ്ങള്‍ അറിഞ്ഞിരുന്നില്ലേ? വാര്‍ഡ് തല സമിതിയില്‍ ആരെല്ലാമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?
  5. ഇതിനെല്ലാം ശേഷം ഗ്രാമസഭകള്‍ ഈ പട്ടിക അംഗീകരിച്ചിരുന്നു എന്നറിയാമോ? ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു രീതിശാസ്ത്രം അതിദരിദ്രരെ കണ്ടെത്താന്‍ നിര്‍ദേശിക്കാനുണ്ടോ? എങ്കില്‍ അവ പങ്കുവെക്കുമല്ലോ.
  6. ഏറ്റവുമവസാനം ഓരോ തദ്ദേശ ഭരണസമിതിയും ഗ്രാമസഭ അംഗീകരിച്ച പട്ടികക്ക് അന്തിമാനുമതി നല്‍കിയ കാര്യം പോലും നിങ്ങള്‍ അറിഞ്ഞില്ലെന്നോ? പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ഇതെല്ലാം പ്രതിപക്ഷ നേതാക്കളും എം എല്‍ എം മാരും അറിയാതെപോയത് ആരുടെ വീഴ്ചയാണ്?
  7. 2022, 23, 24 വര്‍ഷങ്ങളിലെ ഇക്കണോമിക് റിവ്യൂവില്‍ പദ്ധതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചത് വിദഗ്ധരും എം എല്‍ എ മാരുമൊന്നും വായിച്ചില്ലെന്നോ? തുടര്‍ച്ചയായി മൂന്ന് വര്‍ഷം പ്ലാന്‍ ഫണ്ട് അനുവദിച്ചിട്ടും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി മാര്‍ഗ്ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടും പ്ലാനിങ് ബോര്‍ഡിന് അറിവുണ്ടോ എന്ന ചോദ്യത്തിന്റെ അര്‍ത്ഥമെന്താണ്?
  8. 2023 നവംബര്‍ ഒന്നിന് പദ്ധതിയില്‍ അതുവരെ കൈവരിച്ച പുരോഗതി വിശദീകരിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടിനെ ആസ്പദമാക്കി നിങ്ങള്‍ എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചിരുന്നോ?അന്ന് വിമര്‍ശനം ഉണ്ടായിരുന്നില്ലേ?
  9. നിയമസഭയില്‍ ഇപ്പോഴുന്നയിക്കുന്ന വിമര്‍ശനങ്ങളൊന്നും പേരിനുപോലും ഇതിനുമുമ്പ് ഒരൊറ്റ സന്ദര്‍ഭത്തിലും ഉന്നയിക്കാതിരുന്നിട്ട് പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നവരെപ്പോലെ 'തട്ടിപ്പ്' എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോ? ചോദ്യം, സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍ ഇതൊന്നുമല്ലെങ്കില്‍ തദ്ദേശ വകുപ്പിന്റെ ധനാഭ്യര്‍ത്ഥനാ ചര്‍ച്ചകളില്‍, ബജറ്റ് ചര്‍ച്ചകളില്‍ എപ്പോഴെങ്കിലും നിങ്ങളാരെങ്കിലും ഒരു വരി പറഞ്ഞത് കാണിച്ചുതരാമോ?
  10. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെല്ലാം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതും 'ശുദ്ധ തട്ടിപ്പി'ന്റെ ഗണത്തില്‍ വരുമോ ബഹു. പ്രതിപക്ഷ നേതാവേ? അങ്ങയുടെ ജില്ലയിലെ ചേരാനെല്ലൂര്‍ പഞ്ചായത്തിലെ പ്രഖ്യാപനം ഞാന്‍ നടത്തിയത് ശ്രീ. ഹൈബി ഈഡന്‍ എം പി, ശ്രീ. ടി ജെ വിനോദ് എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. എറണാകുളം ജില്ലാ പ്രഖ്യാപനത്തില്‍ അധ്യക്ഷന്‍ അങ്ങയുടെ പാര്‍ട്ടിയില്‍ പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. അവരെല്ലാം അഭിമാനത്തോടെ ഏറ്റെടുത്ത കാര്യം അങ്ങ് തള്ളിപ്പറയുമ്പോള്‍ അവരെല്ലാം തട്ടിപ്പുകാരാണോ?

നിങ്ങളുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കിയ സ്ഥിതിക്ക് ഈ ചോദ്യങ്ങള്‍ക്കും മറുപടി പ്രതീക്ഷിക്കുന്നു. ഒഴിഞ്ഞു മാറില്ലെന്ന് വിശ്വസിക്കട്ടെ .

സ്‌നേഹാദരങ്ങളോടെ

എം ബി രാജേഷ്

Advertisment