കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി

New Update
medical-college-kozhikode.jpg.webp

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിക്കെതിരായ പരാതിയില്‍ പുനരന്വേഷണത്തിന് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. നാര്‍കോട്ടിക് സെല്‍ എസിപി ഓഫീസില്‍ എത്തിയാണ് അതിജീവിത മൊഴി നല്‍കിയത്. പൊലീസ് പുനരന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്ന് അതിജീവിത പറഞ്ഞു.

Advertisment

ഡോ. കെ.വി പ്രീതിക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തന്‍റെ മൊഴി പരിഗണിക്കാതെയാണ് അന്വേഷണ റിപോ‍ര്‍ട് എന്ന അതിജീവിതയുടെ പരാതിയിലാണ് പുനരന്വേഷണം. ‌നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ടി.പി ജേക്കബിനാണ് പുനരന്വേഷണ ചുമതല. അന്വേഷണോദ്യോഗസ്ഥന്‍റെ ഓഫീസിലെത്തിയാണ് അതിജീവിത മൊഴി നല്‍കിയത്. നേരത്തെ നടത്തിയ പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ പരിഹരിച്ച് ശരിയായ അന്വേഷണം പുനരന്വേഷണത്തിലുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മൊഴി നല്‍കിയ ശേഷം അതിജീവിത പറഞ്ഞു.

ഡോ.കെ.വി പ്രീതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡോക്ടര്‍ക്കെതിരെ തു‌ടര്‍നടപടി വേണ്ടെന്നുമാണ് പൊലീസ് അന്വേഷണ റിപോര്‍ട്ട്. ജൂനിയര്‍ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അന്വേഷണ റിപോര്‍ട്ടിലുണ്ട്. തന്നെ പരിശോധിക്കുന്ന സമയത്ത് ജൂനിയര്‍ ഡോക്‌ടര്‍ കൂടെ ഉണ്ടായിരുന്നില്ല , ഒപ്പം തന്‍റെയും തന്‍റെ ബന്ധുക്കളുടേതുമായ മൊഴി പൊലീസ് പരിഗണിച്ചില്ല തുടങ്ങിയവയായിരുന്നു അതിജീവിത ഉന്നയിച്ച ആരോപണം. തുടര്‍ന്നാണ് ഉത്തരമേഖല ഐജി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Advertisment