സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു

New Update
obit seyyd flal koyamma thangal

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും കാസർകോഡ് ജാമിഅ സഅദിയ്യ അറബിയ്യ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ എട്ടിക്കുളം അന്തരിച്ചു. 64 വയസ്സായിരുന്നു. 

Advertisment

സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും ശരീഫ ഫാത്വിമ കുഞ്ഞിബീവിയുടെയും മകനായി 1960 മെയ് 1നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി.

പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്‌ലിയാർ, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ഉള്ളാള്‍ ബാവ മുസ്‌ലിയാർ, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്.

കുറായിലെ സയ്യിദ് ഫള്ല്‍ ഇസ്‌ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്. സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ ജന.സെക്രട്ടറി ചുമതലകള്‍ വഹിച്ചുവരികയായിരുന്നു. 

ജാതിമതഭേദമന്യേ ഉത്തര കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും അനേകായിരം ജനങ്ങൾക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു കുറാ തങ്ങൾ. അല്‍ ഖിദ്മതുസ്സുന്നിയ്യ അവാര്‍ഡ്, ജാമിഅ സഅദിയ്യ ബഹ്‌റൈന്‍ കമ്മിറ്റി അവാര്‍ഡ്, ശൈഖ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി അവാര്‍ഡ്, മലേഷ്യ മലബാരി മുസ്‌ലിം ജമാഅത്ത് അവാര്‍ഡ് തുടങ്ങി വിവിധ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

ജനാസ നിസ്‌കാരം ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 05:00 മണിക്ക് എട്ടിക്കുളം തഖ്‌വാ ജുമാ മസ്ജിദിലും രാത്രി 07:00മണിക്ക് കർണാടകയിലെ ഉള്ളാളിലും, ഖബറടക്കം രാത്രി 09:00 മണിക്ക് കുറത്തിലും നടക്കും.

ഭാര്യ: ശരീഫ ഹലീമ ആറ്റ ബീവി പാപ്പിനിശ്ശേരി. മക്കൾ: സയ്യിദ് അബ്ദുറഹ്മാൻ മഷ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങൾ, റുഫൈദ ബീവി, സഫീറ ബീവി, സക്കിയ ബീവി, സഫാന ബീവി. മരുമക്കൾ: സയ്യിദ് ആമിർ തങ്ങൾ നാദാപുരം, ഡോ.സയ്യിദ് ശുഹൈബ് തങ്ങൾ കൊടിഞ്ഞി, സയ്യിദ് മിസ്ബാഹ് തങ്ങൾ പാപ്പിനിശ്ശേരി.

സഹോദരങ്ങൾ: സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, പരേതയായ ശരീഫ ബീക്കുഞ്ഞി ബീവി മഞ്ചേശ്വരം, ശരീഫ മുത്തുബീവി കരുവൻതുരുത്തി, ശരീഫ കുഞ്ഞാറ്റ ബീവി ചെറുവത്തൂർ, ശരീഫ ഉമ്മുഹാനി ബീവി ഉടുമ്പുന്തല, ശരീഫ റംല ബീവി കുമ്പള. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് കെ. എസ് ആറ്റക്കോയ തങ്ങൾ സഹോദരീ ഭർത്താവാണ്.

Advertisment