/sathyam/media/media_files/IffS2e3BRwRpH0Gc1yhv.jpg)
കോഴിക്കോട് : പി.എസ്.സി കോഴ വിവാദത്തിൻ്റെ പാശ്ചാത്തലത്തിൽ ഇന്ന് സി.പി.എമ്മിൻെറ നിർണായക യോഗം ഇന്ന് ചേരും. കോഴ ആരോപണ വിധേയനായ സി.പി.എം ടൗൺ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി എടുക്കുന്നത് ചർച്ച ചെയ്യാനാണ് പാർട്ടി ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്. പ്രമോദ് കോട്ടുളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും. ജില്ലാ കമ്മിറ്റി നിർദ്ദേശപ്രകാരം നടപടി തീരുമാനിക്കുന്നതിനായി പ്രമോദ് കോട്ടുളി അംഗമായ ടൗൺ ഏരിയ കമ്മറ്റിയും ഇന്ന് ഉച്ചക്ക് ശേഷം ചേരുന്നുണ്ട്.
പി.എസ്.സി കോഴ വിവാദത്തിൻെറ അടിസ്ഥാനത്തിൽ പ്രമോദ് കോട്ടുളിയോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പ്രമോദ് കോട്ടുളി വിശദീകരണം നൽകുകയും ചെയ്തിരുന്നു. വിശദീകരണം പരിശോധിച്ച ശേഷമാകും ജില്ല കമ്മിറ്റി നടപടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പ്രമോദ് കോട്ടുളിയോട് വിശദീകരണം ആവശ്യപ്പെട്ട പാർട്ടി ഏരിയാ നേതൃത്വം അതിൽ പി.എസ്.സി കോഴ വിവാദത്തെപ്പറ്റി പരാമർശിച്ചിട്ടില്ല.
റിയൽ എസ്റ്റേറ്റ് ബന്ധത്തെപ്പറ്റിയുളള ആരോപണമാണ് കാരണം കാണിക്കൽ നോട്ടീസിൽ പ്രതിപാദിക്കുന്നത്. റിയൽ എസ്റ്റേറ്റ് ബന്ധത്തിൻെറ പേരിൽ പ്രമോദ് കോട്ടുളിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. അതാണ് ഉച്ചക്ക് ശേഷം പ്രമോദ് അംഗമായ ഘടകമായ ടൗൺ ഏരിയ കമ്മിറ്റി വിളിച്ചത്.
പി.എസ്.സി നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണം അവസാനിപ്പിക്കാൻ നടപടിയെടുക്കാതെ സി.പി.എമ്മിന് മുന്നിൽ മറ്റ് മാർഗമില്ല. അതുകൊണ്ടാണ് റിയൽ എസ്റ്റേറ്റ് ബന്ധം ആരോപിച്ച് നടപടി എടുക്കുക എന്ന തന്ത്രപരമായ സമീപനം സ്വീകരിക്കുന്നത്. പ്രമോദിനെതിരെ നടപടി എടുക്കാൻ സംസ്ഥാനനേതൃത്വവും സമ്മർദ്ദം ചെലുത്തുന്നുണ്ട്. ജില്ലാ-ഏരിയാ കമ്മിറ്റികളിൽ നിന്നും നടപടിക്കായി സമ്മർദ്ദമുണ്ട്.
നടപടി ഉണ്ടായില്ലെങ്കിൽ പരസ്യമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് നടപടി ആവശ്യപ്പെടുന്നവരുടെ മുന്നറിയിപ്പ്. ഏരിയാ കമ്മിറ്റിയിൽ തന്നെ പ്രതിഷേധിക്കാനും നീക്കമുണ്ട്.
അതേസമയം തനിക്കൊന്നും ഒളിച്ചുവെക്കാനില്ല എന്നും എല്ലാം പാർട്ടിക്ക് അന്വേഷിക്കാമെന്നുമുള്ള നിലപാടാണ് പ്രമോദ് പരസ്യമായി സ്വീകരിച്ചിട്ടുളളത്. എന്നാൽ നടപടിയെടുത്താൽ ഗുരുതര വെളിപ്പെടുത്തലിന് പ്രമോദ് തയാറായേക്കുമെന്നും നേതാക്കൾക്ക് ആശങ്കയുണ്ട്. ജില്ലാ നേതൃത്വത്തിലെ പടലപ്പിണക്കങ്ങളും റിയൽ എസ്റ്റേറ്റ് അടക്കമുളള വഴിവിട്ട ബന്ധങ്ങളുമാണ് പി.എസ്.സി ആരോപണത്തിനും നടപടിക്കും കാരണമായതെന്നാണ് പൊതുവിൽ ഉയരുന്ന ആക്ഷേപം.
പി.എസ്.സി കോഴയാരോപണം മാധ്യമങ്ങൾക്ക് ചോർത്തിയത് മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ അറിവോടെയെന്ന് പ്രമോദ് കോട്ടൂളി പാർട്ടി നേതൃത്വത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. മുൻവൈരാഗ്യമുള്ളവർ തന്നെ ആരോപണം ഉന്നയിച്ച് അപകടത്തിലാക്കിയെന്നാണ് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി പ്രമോദ് കോട്ടൂളി നൽകിയ വിശദീകരണം. കോഴ ആരോപണത്തിൽ വിശദീകരണം നൽകാൻ 10 ദിവസത്തെ സമയമാണ് പാർട്ടിയുടെ അന്വേഷണ കമ്മീഷൻ പ്രമോദിന് നൽകിയിരിക്കുന്നത്. എന്നാൽ വ്യാഴാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം എഴുതി നൽകിയ പ്രമോദ് കോട്ടൂളി മന്ത്രിയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ മുഹമ്മദ് റിയാസിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് നടത്തിയത്.
കോഴയാരോപണം വാർത്ത ചോർത്തി നൽകിയത് മന്ത്രി പി.എ.മുഹമ്മദ് റിയാസിൻ്റെ അറിവോടെയാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നുമാണ് പ്രമോദിൻെറ ആരോപണം.
ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന ആക്ഷേപങ്ങളിൽ തന്നെ ഇരയാക്കിയതാണെന്നും പാർട്ടിയിലെ ഉന്നത നേതാക്കൾക്കും റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ ഉണ്ടെന്നുമാണ് പ്രമോദ് കാരണം കാണിക്കൽ നോട്ടിസിന് മറുപടിയായി അറിയിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us