കോഴിക്കോട്: കോഴിക്കോടിന്റെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. കുറ്റ്യാടി ചുരം പത്താം വളവിൽ മണ്ണിടിഞ്ഞു.ഗതാഗതം പൂർണമായും തടസപ്പെട്ടു. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കുറ്റ്യാടി മരുതോങ്കര തൃക്കന്തോട് വനമേഖലയിൽ ഉരുൾപൊട്ടി. സമീപപ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചു. വനമേഖലയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഉരുൾപൊട്ടിയത്.
കടന്തറ പുഴയിൽ മലവെള്ളപാച്ചിലിനെ തുടർന്ന് പ്രദേശത്തുള്ളവരെ മാറ്റിപാർപ്പിച്ചു.തൊട്ടിൽപാലം പുഴയിലും മലവെള്ളപാച്ചിൽ ഉണ്ടായി.
കാഞ്ഞിരോട് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.ചോയ്ച്ചുണ്ടിൽ വീടുകളിൽ വെള്ളം കയറി.പാമ്പങ്ങോട് മലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശവാസികളെ നെല്ലിക്കുന്നിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.