തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചെലവ് 20ലക്ഷത്തിലേറെ. ജയിച്ചാൽ കൈയിൽ കിട്ടുന്നത് തുച്ഛമായ ഓണറേറിയം. 24 മണിക്കൂറും ജനങ്ങൾക്കിടയിൽ ഉണ്ടാവണം.എവിടെ പ്രശ്നമുണ്ടായാലും എത്തണം. വണ്ടിക്കാശിനു പോലും പണമില്ലാതെ തദ്ദേശ ജനപ്രതിനിധികൾ. കോർപറേഷൻ മേയർ ചീഫ്സെക്രട്ടറിയേക്കാൾ വലിയ പ്രോട്ടോക്കോൾ പദവിയാണെങ്കിലും കിട്ടുന്നത് 15,800 രൂപ. അഴിമതിക്ക് വഴിതുറക്കാതിരിക്കാൻ ജനപ്രതിനിധികളുടെ ഓണറേറിയം കൂട്ടുന്നത് സർക്കാരിന്റെ പരിഗണനയിൽ

എന്നാൽ 24മണിക്കൂറും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന തദ്ദേശ ജനപ്രതിനിധികൾക്ക് ജീവിക്കാനുള്ള തുക ഓണറേറിയമായി നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

New Update
ELECTION

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഏറ്റവും സുപ്രധാനമായ അധികാര വികേന്ദ്രീകരണം നടപ്പാക്കി ലോകത്തിന് നമ്മൾ മാതൃക കാട്ടിയെങ്കിലും, തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ലഭിക്കുന്ന വേതനം തുലോം തുച്ഛം.

Advertisment

ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പുകൾ ഏറ്റവും മികച്ച രീതിയിലാണ് രാജ്യത്ത് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളും തദ്ദേശ സ്ഥാപനങ്ങളിലെ ജനായത്ത ഭരണവുമെല്ലാം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നതിൽ തർക്കമില്ല.


എന്നാൽ 24മണിക്കൂറും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന തദ്ദേശ ജനപ്രതിനിധികൾക്ക് ജീവിക്കാനുള്ള തുക ഓണറേറിയമായി നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 


എന്നാൽ ഇതിന് വൻ സാമ്പത്തിക ചെലവുണ്ടാവും എന്നതിൽ തർക്കമില്ല. അഴിമതി തടയാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ജീവിക്കാനാവശ്യമായ തുക ഓണറേറിയമായി നൽകാൻ കോടാനുകോടികൾ ചെലവുണ്ടാവും. 

കാരണം ഗ്രാമപഞ്ചായത്തുകൾ പോലും 1300ലേറെയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ  ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയവും ചർച്ചയാവുകയാണ്. പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ അംഗത്തിന് 7000 രൂപയാണ് ഓണറേറിയം ലഭിക്കുക. 

പഞ്ചായത്ത് പ്രസിഡന്റിന് 13200 രൂപയും വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,200 രൂപയും ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,800 രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 7,600 രൂപയും പ്രതിമാസം ഓണറേറിയം ഇനത്തിൽ ലഭിക്കും.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മാസം 15,800 രൂപയാണ് ലഭിക്കുക. വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും ജില്ലാ പഞ്ചായത്ത് അംഗത്തിന് 8,800 രൂപയും ലഭിക്കും. 


നഗരസഭയിലെ ശമ്പള നിരക്ക് പരിശോധിച്ചാൽ ചെയർമാന് പ്രതിമാസം 14,600 രൂപയാണ് ലഭിക്കുക. വൈസ് ചെയർമാന് 12,000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,800 രൂപയും നഗരസഭാ കൗൺസിലർക്ക് 7,600 രൂപയും ലഭിക്കും.

കോർപ്പറേഷൻ മേയർ എന്നത് പ്രോട്ടോക്കോൾ പ്രകാരം വലിയ പദവിയാണെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിക്കുന്ന അതേ ഓണറേറിയമായ 15,800 രൂപയാണ് മേയർക്കും ലഭിക്കുക. 


ഡെപ്യൂട്ടി മേയർക്ക് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും കൗൺസിലർക്ക് 8,200 രൂപയുമാണ് ഓണറേറിയമായി ലഭിക്കുക. ഇതിനൊപ്പം കൂടുതലായി സിറ്റിംഗ് ഫീയും ലഭിക്കും.


ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം ജനങ്ങൾ തന്നെ നൽകണമെന്ന ക്യാമ്പെയിൽ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിട്ടുണ്ട്.  

വ്യക്തികൾക്ക്ജനായത്ത ഭരണ പ്രക്രിയയിൽ പങ്കെടുക്കുന്നതിന് നേരിട്ട് സാധ്യതയില്ലാത്തതിനാലാണ് പകരം സമയമുള്ള, താൽപ്പര്യമുള്ള, മറ്റ് ജോലിഭാരമില്ലാത്ത ആളുകളെ നമുക്കുവേണ്ടി നാം ജനപ്രതിനിധി സഭകളിലേക്ക്  തെരഞ്ഞെടുത്ത് വിടുന്നത്. 


അപ്പോൾ അവർക്കുള്ള പ്രതിഫലം നമ്മൾ തന്നെ കൊടുക്കണം. 


ഏതാണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കേരളത്തിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്ന പ്രതിഫലം എത്ര തുഛമാണെന്ന് നോക്കൂ. ഇതിനൊപ്പം കൂടുതലായി ലഭിക്കുന്നത് സിറ്റിംഗ് ഫീ മാത്രം. അതിനും പരിധിയുണ്ട്.

ഇവരുടെ ചെലവുകൾ ഭീമമാണ്. വനിതകൾക്കാണെങ്കിൽ സ്വന്തമായി വാഹനം പോലുമില്ല. ഓട്ടോ വിളിച്ചാണ് പലപ്പോഴും സഞ്ചാരം. രാവിലെ ഇറങ്ങിയാൽ തദ്ദേശ സ്ഥാപനത്തിൽ നിിന്നും തിരികെ എത്തുന്നത് വൈകിട്ടാകും. 


അതിനിടയിലുള്ള ചായ, ഉച്ചഭക്ഷണം തുടങ്ങി എല്ലാ ചെലവും തനിയെ വഹിക്കണം. പിന്നെ നാടൊട്ടുക്കുമുളള കല്യാണങ്ങൾക്കും ആശുപത്രിക്കേസുകൾക്കും പോകണം. അവിടെയൊക്കെ ഒരു ജനപ്രതിനിധി എന്ന നിലയിൽ നല്ല ചെലവും വരുന്നുണ്ട്. 


പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനപ്രതിനിധികൾക്ക് അവരവരുടെ പാർട്ടിക്ക് നൽകേണ്ട പ്രതിമാസ ലെവി എന്ന പിടുത്തം വേറെയുമുണ്ടാകും. മിച്ചം വീട്ടിൽ കൊണ്ടുപോകാനായി ഇവർക്ക് യാതൊന്നും തന്നെയില്ല എന്നതാണവസ്ഥ.

പല  ജനപ്രതിനിധികളും അവരുടെ അഞ്ചുവർഷക്കാലം കഴിയുമ്പോൾ നല്ല കടത്തിലാവുമെന്നുറപ്പ്. മിക്കവാറും പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും അവരുടെ ജനപ്രതിനിധികൾക്ക് മാന്യമായ പ്രതിഫലം നൽകുന്നതിനുള്ള സാമ്പത്തികമൊക്കെയുണ്ട്. 


ബ്ലോക്ക് പഞ്ചായത്തുകൾക്ക് മാത്രമായിരിക്കും സർക്കാരിൽ നിന്നും എന്തെങ്കിലും സഹായം വേണ്ടിവരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നത് നിസാര കാര്യമല്ല. പ്രചാരണത്തിനും മറ്റുമായി 10- 20 ലക്ഷത്തോളം ചെലവുണ്ടാവും. 


ഇത്രയും തുക ചെലവഴിച്ച് മത്സരിച്ച് ജയിച്ചെത്തുന്നവർക്ക് കിട്ടുന്നതാണ് ഈ തുച്ഛമായ ഓണറേറിയം.

മറ്റ് ജോലികൾ ചെയ്ത് ജീവിതോപാധി കണ്ടെത്തുന്ന നിരവധി തദ്ദേശ ജനപ്രതിനിധികളുണ്ടെന്നത് മറക്കുന്നില്ല. എന്നാൽ ജനപ്രതിനിധികൾ അഴിമതിയിലേക്ക് വീഴാനുള്ള സാദ്ധ്യതകളും ഏറെയാണ്. 


ജനപ്രതിനിധികളുടെ സമ്പാദ്യവും ആസ്തികളും കുമിഞ്ഞുകൂടുന്നത് എല്ലാ ജില്ലകളിലുമുള്ള കാഴ്ചയാണ്. 


എന്നിരുന്നാലും ത്രിതല പഞ്ചായത്ത് സംവിധാനം ഏറ്റവും ഫലപ്രദമായി നടത്തുന്ന കേരളത്തിൽ ജനപ്രതിനിധികൾക്കുള്ള ഓണറേറിയം വർദ്ധനവ് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് അറിയുന്നത്.

Advertisment