/sathyam/media/media_files/2025/11/10/election-commission-of-india-2025-11-10-15-18-35.jpg)
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർക്കും തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാം. എന്നാൽ സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ സ്ഥാനാർത്ഥികളുടെ മാർഗ്ഗനിർദ്ദേശങ്ങളിലാണിതുള്ളത്.
സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം. എന്നാൽ കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, എംപാനൽ കണ്ടക്ടർമാർ, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെ താത്കാലികമായി നിയമിതരായവർ എന്നിവർക്കു മത്സരിക്കാൻ അയോഗ്യതയുണ്ട്.
കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർക്കും മത്സരിക്കാം. എന്നാൽ സി.ഡി.എസ് അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല.
സർക്കാരനോ തദ്ദേശ സ്ഥാപനത്തനോ കുടിശ്ശികയുള്ളവർ അയോഗ്യരാണ്. ബാങ്കുകൾ, സർവ്വീസ് സഹകരണസംഘങ്ങൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങളിലേക്കോ അടയ്ക്കാനുള്ള കുടിശ്ശിക ഇതിൽ ഉൾപ്പെടില്ല. ഗഡുക്കളാക്കി അടയ്ക്കുന്ന കുടിശ്ശികയിൽ ഗഡു മുടങ്ങിയാൽ മാത്രമേ അയോഗ്യതയുണ്ടാകൂ.
അഴിമതിയ്‌ക്കോ കൂറില്ലായ്മയ്‌ക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് പിരിച്ചുവിട്ടതു മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യത ഉണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവർക്ക് അയോഗ്യനാക്കപ്പെട്ടതു മുതൽ ആറു വർഷം അയോഗ്യതയുണ്ട്.
തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം ചെലവുകണക്ക് സമർപ്പിക്കാത്തവർക്ക് ഉത്തരവ് തീയതി മുതൽ അഞ്ചു വർഷത്തേക്ക് അയോഗ്യതയുണ്ടാകും.അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷകരായുള്ളവരും മത്സരിക്കാൻ പാടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us