/sathyam/media/media_files/2025/03/24/ikfGOTfS8cDgfdL6qYhK.jpg)
മലപ്പുറം: തൃണമൂൽ കോൺഗ്രസിന്റെ കൺവീനർ സ്ഥാനത്ത് നിന്നും പി.വി അൻവറിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ച് സംസ്ഥാന നേതൃത്വം.
യു.ഡി.എഫുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന അൻവർ പാർട്ടിയെ വിലപേശലിന് കരുവാക്കിയെന്ന ആരോപണമാണ് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ഉയർത്തുന്നത്.
എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തള്ളിയ അൻവറിന് രാഷ്ട്രീയ അഭയം നൽകിയ തൃണമൂൽ കോൺഗ്രസിനെ അദ്ദേഹം ചതിച്ചുവെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സി.ജി ഉണ്ണി വ്യക്തമാക്കി.
പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കാൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു.
പാർട്ടിയുടെ നയത്തിന് വിരുദ്ധമായാണ് അൻവർ യു.ഡി.എഫുമായി സംസ്ഥാനത്ത് ധാരണയുണ്ടാക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുതിയ സംഭവവികാസങ്ങളെ തുടർന്ന് പാർട്ടി ദേശീയ നേതൃത്വം രണ്ട് നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയയ്ക്കാൻ തീരുമാനമായതായും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽ നിന്നാരും അൻവറിനൊപ്പം യു.ഡി.എഫിൽ ചേക്കേറില്ലെന്നും അദ്ദേഹം പറഞ്ഞു.
മെയ് രണ്ടാം വാരത്തിൽ കൊച്ചിയിൽ നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഉണ്ണി അറിയിച്ചു.
അൻവറിന്റെ ഭീഷണി രാഷ്ട്രീയത്തെ നിലമ്പൂരിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. നിലവിൽ പി.ആർ സംവിധാനവും മാദ്ധ്യമ പിന്തുണയും മാത്രമാണ് അൻവറിന് കൂട്ടായുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അൻവർ അംഗമായിട്ടുള്ള തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃതവം അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചതോടെ രാഷ്ട്രീയമായി അദ്ദേഹം ത്രിശങ്കുവിലായി.
യു.ഡി.എഫ് അംഗത്വം ലഭിക്കാത്ത അൻവർ തൃണമൂലിൽ നിന്ന് കൂടി പുറത്ത് പോകുന്ന സാഹചര്യമാണ് ഉരിത്തിരിഞ്ഞിട്ടുള്ളത്.
തൃണമൂൽ സംസ്ഥാന കൺവീനറായി ചുമതലയേറ്റ അൻവർ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ജാഥ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മറ്റ് പാർട്ടികളിലെ അതൃപ്തരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പുറമേ തൃണമൂൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ കൊണ്ട് വന്ന് കോഴിക്കോട് റാലി സംഘടിപ്പിക്കുമെന്നുമുള്ള അൻവറിന്റെ വാഗ്ദാനങ്ങളും പാഴ്‌വാക്കായി.
തൃണമൂലിനെ യു.ഡി.എഫിൽ ഘടകകക്ഷിയായി എടുക്കാനാവില്ലെന്നും കേരള പാർട്ടി രൂപീകരിച്ച് അൻവർ വന്നാൽ ഉൾക്കൊള്ളിക്കുന്ന കാര്യം ചർച്ച ചെയ്യാമെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് പുതിയ രാഷ്ട്രീയ സാഹചര്യം ഉരിത്തിരിഞ്ഞത്.
കോൺഗ്രസിന്റെ ആവശ്യം അൻവർ തത്വത്തിൽ അംഗീകരിച്ചതോടെയാണ് തൃണമൂൽ സംസ്ഥാന നേതൃതവം അൻവറിനെതിരെ തിരിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us