വാക്സിനെടുത്തിട്ടും പേവിഷബാധ. ചികിത്സയിലിരുന്ന അഞ്ചര വയസുകാരി മരിച്ചു

വാക്‌സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ശനിയാഴ്ച പനിയുണ്ടായെന്നും തുടർന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു.

New Update
3rd year girl

മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ അഞ്ചര വയസുകാരി മരിച്ചു. 

Advertisment

മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. 

പുലർച്ചെ രണ്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് കുട്ടിയുടെ മരണം.

പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. മാർച്ച് 29നാണ് മിഠായി വാങ്ങാൻ പോയ കുട്ടിയെ തെരുവുനായ കടിച്ചത്. 

കാലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു.

തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ചു. തലയ്‌ക്കേറ്റ മുറിവ് തുന്നിച്ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പേവിഷ ബാധയുണ്ടാവുകയായിരുന്നു.

അതേസമയം, തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടും തുന്നിക്കെട്ടുകയല്ലാതെ ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതർ കൃത്യമായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബം പറയുന്നത്. 

മുൻകരുതൽ നടപടികളൊന്നും ഉണ്ടായില്ലെന്നും അവർ പറയുന്നു.

വാക്‌സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ശനിയാഴ്ച പനിയുണ്ടായെന്നും തുടർന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു.

പിന്നാലെ, പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും നില ഗുരുതരമാവുകയുമായിരുന്നു.

എന്നാൽ, തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് വാക്‌സിനെടുത്തിട്ടും പേവിഷബാധ ഉണ്ടാവാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

തലയിൽ കടിയേറ്റതോടെ വൈറസ് തലച്ചോറിനെ ബാധിച്ചെന്നും അധികൃതർ പറയുന്നു. വാക്‌സിൻ പ്രവർത്തിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തൽ.

കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോയി.

രാവിലെ ഏഴ് മണിക്ക് ഖബറടക്കും. മറ്റ് അഞ്ച് പേർക്കുകൂടി നായയുടെ ആക്രമണമേറ്റിരുന്നെങ്കിലും മറ്റുള്ളവർക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

Advertisment